തിരുവനന്തപുരം: എൻഡോസൾഫാൻ ദുരിതബാധിതർക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാരം കിടക്കുന്ന ദയാബായിക്ക് പിന്തുണയുമായി നടൻ അലൻസിയർ. ദയാബായിയെ പിന്തുണച്ച് ഒരു ഗാനം ആലപിച്ചും ഏകാംഗ നാടകം അവതരിപ്പിച്ചും താരം ദയാബായിക്ക് പിന്തുണ അറിയിച്ചു.
ദയാബായിയുടെ സമരം എട്ട് ദിവസമായി തുടരുകയാണ്. “അടുത്ത തലമുറയുടെ ജീവിതത്തിനായി അധികാരികളോട് യാചിക്കുന്ന എന്റെ അമ്മയോടുള്ള ആദരസൂചകമാണിത്,” അലൻസിയർ പറഞ്ഞു.
എയിംസിനായി പരിഗണിക്കുന്ന ജില്ലകളിൽ കാസർഗോഡിനെ പരിഗണിക്കുക, ജില്ലയിലെ അഞ്ച് ആശുപത്രികളിൽ വിദഗ്ധ മെഡിക്കൽ സംഘങ്ങളെ നിയോഗിക്കുക, എൻഡോസൾഫാൻ ദുരിതബാധിത പ്രദേശങ്ങളിൽ ദിനപരിചരണ സെന്ററുകൾ തുറക്കുക, എൻഡോസൾഫാൻ ദുരിതബാധിതർക്കുള്ള ചികിത്സാ ക്യാമ്പുകൾ പുനരാരംഭിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. ദയാബായിയെ കഴിഞ്ഞ ദിവസം പൊലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെ നിന്ന് സമരപ്പന്തലിലേക്ക് മടങ്ങി.