കോട്ടയം: കൈക്കൂലിയായി പണവും മദ്യവും കൈപ്പറ്റിയ ഗ്രേഡ് എസ്.ഐ.യെ അറസ്റ്റ് ചെയ്തു. ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെ എസ്.ഐ വി.എച്ച് നസീറിനെയാണ് വിജിലൻസ് സംഘം അറസ്റ്റ് ചെയ്തത്. മെഡിക്കൽ കോളേജ് ആശുപത്രിക്ക് സമീപത്തെ സ്വകാര്യ ലോഡ്ജിൽ നിന്നാണ് വിജിലൻസ് എസ്പി വിജി വിനോദ് കുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് നടന്നത്. ഇയാളിൽ നിന്ന് 2000 രൂപയും ഒരു കുപ്പി മദ്യവും പിടിച്ചെടുത്തു.
കഴിഞ്ഞ ദിവസം ആർപ്പൂക്കര തൊണ്ണംകുഴിയില്‍ പരാതിക്കാരന്റെ വാഹനം അപകടത്തിൽപ്പെട്ടിരുന്നു. തുടർന്ന് 10,000 രൂപ നൽകി കേസ് ഒത്തുതീർപ്പാക്കി. എന്നാൽ അപകടത്തിൽപ്പെട്ട വാഹനത്തിൽ നിന്ന് അര ലിറ്റർ വിദേശമദ്യം പിടിച്ചെടുത്തു. പിറ്റേന്ന് സ്റ്റേഷനിൽ വന്ന് കേസ് ഒത്തുതീർപ്പാക്കാൻ പണവും മദ്യവും എസ്.ഐ ആവശ്യപ്പെട്ടു.
തൃക്കൊടിത്താനം സ്റ്റേഷനില്‍നിന്ന് നടപടിക്ക് വിധേയനായി ഗാന്ധിനഗറില്‍ സ്ഥലം മാറിയെത്തിയതായിരുന്നു നസീർ.