
മനാമ: മാര്‍ച്ച് 15ന് അമേരിക്കയിലെ വാന്‍ഡന്‍ബര്‍ഗ് സ്പേസ് ഫോഴ്സ് ബേസില്‍ നിന്ന് സ്പേസ് എക്സ് ഫാല്‍ക്കണ്‍ 9 റോക്കറ്റില്‍ വിജയകരമായി വിക്ഷേപിച്ച ബഹ്റൈന്റെ ഉപഗ്രഹമായ ‘അല്‍ മുന്തര്’ ഭ്രമണപഥത്തില്‍ സ്ഥിരത കൈവരിച്ചതായി ബഹ്റൈന്‍ ബഹിരാകാശ ഏജന്‍സി (ബി.എസ്.എ) അറിയിച്ചു.
ഉപഗ്രഹം അതിന്റെ നിശ്ചിത ഭ്രമണപഥത്തിലെത്തിയ ശേഷമാണ് ആദ്യ സിഗ്നലുകള്‍ ലഭിച്ചത്. ഗ്രൗണ്ട് സ്റ്റേഷന് വഴി നിരവധി സിഗ്നലുകള്‍ ലഭിച്ചു. ഉപഗ്രഹത്തിന്റെ കോര്‍ സിസ്റ്റങ്ങള്‍ നിര്‍ദ്ദിഷ്ട സാങ്കേതിക പാരാമീറ്ററുകള്‍ക്കുള്ളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും സൂചിപ്പിക്കുന്ന ഇന്‍കമിംഗ് ഡാറ്റയുണ്ടായിരുന്നു.
‘അല്‍ മുന്തര്’ ബഹ്റൈന്‍ അഭിമാനകരമായൊരു പ്രധാന നേട്ടമാണെന്നും ദേശീയ ബഹിരാകാശ ശേഷികള്‍ വികസിപ്പിക്കുന്നതില്‍ പുരോഗതി പ്രകടമാക്കുന്നുണ്ടെന്നും ബി.എസ്.എ. ചീഫ് എക്സിക്യൂട്ടീവ് ഡോ. മുഹമ്മദ് അല്‍ അസീരി പറഞ്ഞു. വിജയകരമായ പ്രാരംഭ ഘട്ടങ്ങള്‍ വൈദഗ്ധ്യമുള്ള ഒരു ടീമിന്റെ കഠിനാധ്വാനത്തെ പ്രതിഫലിപ്പിക്കുകയും കൂടുതല്‍ ബഹിരാകാശ പുരോഗതിക്ക് വേദിയൊരുക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഉപഗ്രഹം അതിന്റെ ഭ്രമണപഥത്തില്‍ പ്രവേശിച്ച ഉടന്‍ തന്നെ സിസ്റ്റം ആക്ടിവേഷന് ആരംഭിച്ചതായും പവര്‍ സിസ്റ്റം ആദ്യം ഓണാക്കുകയും അതുവഴി മറ്റ് സിസ്റ്റങ്ങള്‍ പ്രവര്‍ത്തിക്കാന്‍ പ്രാപ്തമാക്കുകയും ചെയ്തുവെന്ന് ‘അല്‍ മുന്തറിന്റെ’ പ്രൊജക്ട് മാനേജര്‍ ആയിഷ അല്‍ ഹറം പറഞ്ഞു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പേലോഡ് ഉള്‍പ്പെടെയുള്ള നാല് സാങ്കേതിക പേലോഡുകളിലേക്ക് പോകുന്നതിനുമുമ്പ് ടീം നിലവില്‍ ആശയവിനിമയം, നിയന്ത്രണം, ഓറിയന്റേഷന്‍ നിര്‍ണ്ണയം തുടങ്ങിയ കോര്‍ സിസ്റ്റങ്ങള്‍ പരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്ന് അവര്‍ വ്യക്തമാക്കി.
