ദുബായ്: അബുദാബി അസ്ഥാനമായ ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് എംഡി: അദീബ് അഹമ്മദിനെ അൽ മരിയ കമ്യൂണിറ്റി ബാങ്ക് ബോർഡ് ഉപദേഷ്ടാവായി തിരഞ്ഞെടുത്തു. നിലവിൽ ഇദ്ദേഹം വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ സൗത്ത് ഏഷ്യൻ റീജിയണൽ സ്ട്രാറ്റജി ഗ്രൂപ്പിലെ അംഗവുമാണ്. അദീബ് അഹമ്മദിന്റെ സാമ്പത്തിക, ഡിജിറ്റൽ ഇടപാടുരംഗങ്ങളിലെ നിക്ഷേപം 11 ജി.സി.സി. രാജ്യങ്ങളിലും ഇന്ത്യയിലും ഏഷ്യ പസഫിക് മേഖലകളിലും വ്യാപിച്ചുകിടക്കുന്നു.
റീട്ടെയിൽ രംഗങ്ങളിലും ഫുഡ് ആൻഡ് ബിവറേജ് മേഖലയിലും ആഡംബര ഹോട്ടൽ മേഖലയിലും അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള കമ്പനികൾ സജീവമാണ്. യു.എ.ഇ.യിലെ ജനങ്ങൾക്ക് മികച്ച സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ നൂതന സാങ്കേതികതയിലധിഷ്ഠിതമായ അൽ മരിയ ബാങ്ക് ഈ വർഷമാണ് പ്രവർത്തനം ആരംഭിച്ചത്.
സമ്പദ്വ്യവസ്ഥയുടെ വൈവിധ്യമാർന്ന മേഖലകളിൽ നിന്നുള്ള നേതാക്കൾ ബോർഡിൽ ഉൾപ്പെടുന്നു. കൂടാതെ ഒരു ഉപദേശകനെന്ന നിലയിൽ അദീബ് അഹമ്മദ് ചുമതലയേൽക്കുന്നതോടെ കൂടുതൽ മികച്ചതാകും. യുഎഇയിലെ ആദ്യത്തെ ലൈസൻസുള്ള ഡിജിറ്റൽ ബാങ്കാണ്. യുഎഇ സർക്കാരിന്റെ സ്മാർട് ശൃംഖലയുമായി ബന്ധിപ്പിച്ചു കൂടുതൽ വേഗത്തിലും സുതാര്യമായും സേവനങ്ങൾ നൽകുന്നു. വ്യക്തികൾക്കും ചെറുകിടബിസിനസ് സമൂഹത്തിനുമിടയിൽ ശക്തമായ അടിത്തറയുണ്ടാക്കുകയാണ് ബാങ്കിന്റെ പ്രഥമലക്ഷ്യം. എളുപ്പത്തിൽ അക്കൗണ്ട് തുറക്കുന്നതിനും ഡിജിറ്റൽ സേവനങ്ങൾ ലഭ്യമാക്കുന്നതിലുമാണ് ബാങ്ക് ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. വിവിധ രാജ്യങ്ങളിലായി 238 ശാഖകളുള്ള വിശ്വാസ്യതകൊണ്ട് ജന്മനസു കീഴടക്കിയ സ്ഥാപനമാണ് ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ്.