
മനാമ: ബഹ്റൈന്റെ ദേശീയ ദിനവും രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ സിംഹാസനാരോഹണ വാര്‍ഷികവും ആഘോഷിക്കുന്നതിനോടനുബന്ധിച്ച് റിഫയിലെ അല്‍ മബറ അല്‍ ഖലീഫിയ ഫൗണ്ടേഷന്റെ പുതിയ ആസ്ഥാനം ഉപപ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ രാജകുടുംബാംഗങ്ങള്‍, മന്ത്രിമാര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, ക്ഷണിക്കപ്പെട്ട അതിഥികള്‍ എന്നിവര്‍ പങ്കെടുത്തു. അല്‍ മബറ അല്‍ ഖലീഫിയ ഫൗണ്ടേഷന് ട്രസ്റ്റീ ബോര്‍ഡ് ചെയര്‍പേഴ്സണ്‍ ഷെയ്ഖ സൈന്‍ ബിന്ത് ഖാലിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ, സതേണ്‍ ഗവര്‍ണര്‍ ഷെയ്ഖ് ഖലീഫ ബിന്‍ അലി അല്‍ ഖലീഫ, കാബിനറ്റ് കാര്യ മന്ത്രാലയം അണ്ടര്‍സെക്രട്ടറി ഷെയ്ഖ് ഇസ ബിന്‍ അലി അല്‍ ഖലീഫ, ഷെയ്ഖ് ഖാലിദ് ബിന്‍ അലി അല്‍ ഖലീഫ എന്നിവര്‍ ഷെയ്ഖ് ഖാലിദ് ബിന്‍ അബ്ദുല്ലയെ സ്വീകരിച്ചു.
റിഫയുടെ ഹൃദയഭാഗത്ത് 2,700 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയുള്ള സ്ഥലത്താണ് പുതിയ ആസ്ഥാനം. 8,500 ചതുരശ്ര മീറ്ററിലധികം ബില്‍റ്റ്-അപ്പ് വിസ്തീര്‍ണ്ണമുണ്ട്. ഏറ്റവും പുതിയ വാസ്തുവിദ്യാ മാനദണ്ഡങ്ങള്‍ക്കനുസൃതമായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഇതില്‍ ഒരു തൂക്കുപാലം ബന്ധിപ്പിച്ചിരിക്കുന്ന രണ്ട് പ്രധാന നാലുനില കെട്ടിടങ്ങളുണ്ട്. ഒരു കെട്ടിടം വിദ്യാഭ്യാസ, വികസന പരിപാടികള്‍ക്കായി പൂര്‍ണ്ണമായും സമര്‍പ്പിച്ചിരിക്കുന്നു. ഇവിടെ ആധുനികവും ഊര്‍ജ കാര്യക്ഷമവും പരിസ്ഥിതി സൗഹാര്‍ദവുമായ സംവിധാനങ്ങള്‍ സജ്ജീകരിച്ചിരിട്ടുണ്ട്. മറ്റൊന്നില്‍ ഫൗണ്ടേഷന്റെ പരിപാടികളുടെ ഭാവി വിപുലീകരണത്തെ സഹായിക്കാനും അതിന്റെ പ്രവര്‍ത്തന സുസ്ഥിരത ശക്തിപ്പെടുത്താനുമായി വാണിജ്യ യൂണിറ്റുകളും ഓഫീസുകളുമുണ്ട്.


