
മനാമ: അല്‍ ഹിലാല്‍ ഹെല്‍ത്ത്കെയര്‍ ഗ്രൂപ്പ് ദീര്‍ഘകാലമായി റമദാനില്‍ അനുവര്‍ത്തിച്ചുപോരുന്ന സമൂഹ പിന്തുണാ പാരമ്പര്യത്തിന്റെ തുടര്‍ച്ചയായി ബഹ്റൈനിലുടനീളം ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നു.
‘അല്‍ ഹിലാല്‍ കെയേഴ്സ്- ദരിദ്രര്‍ക്കുള്ള ഒരു സഹായഹസ്തം’ എന്ന സംരംഭത്തിന് കീഴില്‍ ബഹ്റൈനിലുടനീളമുള്ള പത്ത് അല്‍ ഹിലാല്‍ ശാഖകള്‍ക്ക് സമീപമുള്ള പ്രധാന ട്രാഫിക് സിഗ്നലുകളിലാണ് ഇഫ്താര്‍ കിറ്റുകളുടെ വിതരണം. നോമ്പ് തുറക്കാനുള്ള അവശ്യ വസ്തുക്കള്‍ ഉപയോഗിച്ച് ശ്രദ്ധാപൂര്‍വ്വം തയ്യാറാക്കിയ കിറ്റുകള്‍ ഇഫ്താറിന് തൊട്ടുമുമ്പാണ് വിതരണം ചെയ്യുന്നത്.
ഫെബ്രുവരി 26ന് അല്‍ ഹിലാല്‍ ഹെല്‍ത്ത്കെയര്‍ ഗ്രൂപ്പിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഡോ. ശരത് ചന്ദ്രന്റെ നേതൃത്വത്തില്‍ വൈസ് പ്രസിഡന്റ് ആസിഫ് മുഹമ്മദ്, അല്‍ ഹിലാല്‍ മുഹറഖ് ബ്രാഞ്ചിന്റെ തലവന്‍ ഫ്രാങ്കോ ഫ്രാന്‍സിസ്, ഫിനാന്‍സ് മാനേജര്‍ സഹല്‍ ജമാലുദ്ദീന്‍ എന്നിവരടങ്ങുന്ന സംഘം ബുസൈത്തീന്‍ ട്രാഫിക് സിഗ്നലില്‍ മറ്റു ടീം അംഗങ്ങള്‍ക്കൊപ്പം നേരിട്ട് ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്തു.
കോവിഡ് കാലഘട്ടത്തില്‍ സമൂഹത്തെ പിന്തുണയ്ക്കുന്നതിനുള്ള ഒരു മാര്‍ഗമായി അല്‍ ഹിലാല്‍ കെയേഴ്സ് എന്ന പേരില്‍ ഒരു കാമ്പയിന് ആരംഭിച്ചതായും അതിനുശേഷം എല്ലാ വര്‍ഷവും റമദാനില്‍ അല്‍ ഹിലാല്‍ ടീമുകള്‍ ബഹ്റൈനിലുടനീളമുള്ള ഏറ്റവും തിരക്കേറിയ ചില തെരുവുകള്‍ സന്ദര്‍ശിച്ച് ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നുണ്ടെന്നും ശരത് ചന്ദ്രന് പറഞ്ഞു.
റമദാന് മാസത്തിലുടനീളം പത്ത് ശാഖകളില്‍നിന്നുമുള്ള ടീമുകള്‍ ചേര്‍ന്ന് ബഹ്റൈനിലെ വിവിധ സ്ഥലങ്ങളിലായി ആയിരക്കണക്കിന് ഇഫ്താര്‍ കിറ്റുകള്‍ ദിവസവും വിതരണം ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.


