മനാമ: ബഹ്റൈനിൽ വാഹനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ട യുവാക്കൾക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ അൽ ഹിലാൽ മാനേജമെന്റിന്റെ ആഭിമുഖ്യത്തിൽ അനുശോചന സദസ് സംഘടിപ്പിച്ചു. സെപ്റ്റംബർ ഒന്നിനാണ് ഓണാഘോഷം കഴിഞ്ഞു മടങ്ങിയ സുമൻ, ജഗത്ത്, മഹേഷ്, ഗൈദർ, അഖിൽ എന്നീ യുവാക്കൾ ആലിയിലുണ്ടായ വാഹനാപകടത്തിൽ മരിച്ചത്. മുഹറഖിലെ ആശുപത്രി കോമ്പൗണ്ടിൽ പ്രത്യേകം ഒരുക്കിയ അനുശോചന സദസ്സിൽ സംഘടനാ പ്രതിനിധികളും ബഹ്റൈന്റെ വിവിധ മേഖലകളിൽ നിന്നുള്ള നിരവധി പേർ ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിച്ചേർന്നു.
പ്രിയപ്പെട്ടവരുടെ ചിത്രങ്ങൾക്ക് മുന്നിൽ മെഴുകുതിരികൾ കത്തിച്ചാണ് അവർക്കുള്ള അശ്രുപൂജ ഒരുക്കിയത്. മൗനാചരണത്തിന് ശേഷം ആരംഭിച്ച അനുശോചന സദസിൽ അൽ ഹിലാൽ മാനേജിങ് ഡയറക്ടർമാരായ ഡോ .പി എ മുഹമ്മദ്, അബ്ദുൾ ലത്തീഫ്, ഡോ. വി ടി വിനോദൻ, സി ഇ ഓ ഡോ. ശരത് ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് സഹപ്രവർത്തകരെയും അനുസ്മരിച്ചു കൊണ്ട് ആശുപത്രി ജീവനക്കാരും മാനേജ്മന്റ് പ്രതിനിധികളും സാമൂഹിക സാംസ്കാരിക മാധ്യമ രംഗത്തെ പ്രമുഖർ അനിശോചന പ്രസംഗം നടത്തി.