
മനാമ: ബഹ്റൈനിന്റെ ഊര്‍ജ പരിവര്‍ത്തനപാതയെ പിന്തുണയ്ക്കാനുള്ള പ്രധാന സംരംഭങ്ങളുടെ ഭാഗമായി വൈദ്യുതി, ജല അതോറിറ്റി (ഇ.ഡബ്ല്യു.എ) നടപ്പിലാക്കുന്ന അല്‍ ദൂര് സോളാര്‍ പവര്‍ പ്ലാന്റ് പദ്ധതിക്ക് ഉപപ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ തറക്കല്ലിട്ടു.
സുപ്രധാന അടിസ്ഥാനസൗകര്യ മേഖലകളിലുടനീളം ഉയര്‍ന്ന നിലവാരമുള്ള പദ്ധതികള്‍ രാജ്യം തുടര്‍ന്നും നടപ്പിലാക്കുമെന്ന് ഷെയ്ഖ് ഖാലിദ് ബിന്‍ അബ്ദുല്ല പറഞ്ഞു. ഈ പദ്ധതികള്‍ ദേശീയ സമ്പദ്വ്യവസ്ഥയുടെ മത്സരശേഷി വര്‍ധിപ്പിക്കുകയും വിഭവ സുസ്ഥിരതയെ പിന്തുണയ്ക്കുകയും സേവനങ്ങളുടെ കാര്യക്ഷമതയും ഗുണനിലവാരവും ഉയര്‍ത്തുകയും ചെയ്യും.
അടുത്ത വര്‍ഷം മൂന്നാം പാദത്തോടെ നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ അല്‍ ദൂര് സോളാര്‍ പവര്‍ പ്ലാന്റ് പദ്ധതിയുടെ ഉല്പാദന ശേഷി ഏകദേശം 100 മെഗാവാട്ടിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.


