
മനാമ: ബഹ്റൈന്‍ സുപ്രീം കൗണ്‍സില്‍ ഫോര്‍ യൂത്ത് ആന്റ് സ്പോര്‍ട്സ് ഫസ്റ്റ് ഡെപ്യൂട്ടി ചെയര്‍മാനും ജനറല്‍ സ്പോര്‍ട്സ് അതോറിറ്റി ചെയര്‍മാനും ബഹ്റൈന്‍ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റുമായ ഷെയ്ഖ് ഖാലിദ് ബിന്‍ ഹമദ് അല്‍ ഖലീഫയുടെ രക്ഷാകര്‍തൃത്വത്തിലുള്ള അല്‍ ദാന നാടക അവാര്‍ഡ് 2025ന്റെ രണ്ടാം പതിപ്പിനുള്ള ജൂറിയെ സംഘാടക സമിതി പ്രഖ്യാപിച്ചു.
ബഹ്റൈന്‍ എഴുത്തുകാരിയും മാധ്യമപ്രവര്‍ത്തകയുമായ ഡോ. ബര്‍വീന്‍ ഹബീബ് അധ്യക്ഷയായ ജൂറിയില്‍ ഗള്‍ഫിലെ നാടക-മാധ്യമ മേഖലകളില്‍നിന്നുള്ള പ്രമുഖര്‍ ഉള്‍പ്പെടുന്നു. അര്‍ത്ഥവത്തായതും ഉയര്‍ന്ന നിലവാരമുള്ളതുമായ സൃഷ്ടികളെ പ്രോത്സാഹിപ്പിച്ചും യഥാര്‍ത്ഥ പ്രതിഭകളെ അംഗീകരിച്ചും ഈ അവാര്‍ഡ് മേഖലയിലെ നാടകരംഗത്തെ മെച്ചപ്പെടുത്തുന്നുവെന്ന് ഡോ. ബര്‍വീന്‍ പറഞ്ഞു.
ബഹ്റൈന്‍ സംവിധായകന് അഹമ്മദ് യാക്കൂബ് അല്‍ മുഖ്ല, എഴുത്തുകാരനും സംവിധായകനുമായ ശൈഖ് സുഹ അല്‍ ഖലീഫ, നടനും മാധ്യമ പ്രവര്‍ത്തകനുമായ ഇബ്രാഹിം അല്‍ ഇസ്താദ്, നിര്‍മ്മാതാവും സംവിധായകനുമായ ഉസാമ സെയ്ഫ്, ഒമാനി നടന് ഫാരിസ് അല്‍ ബലൂഷി എന്നിവരുള്‍പ്പെടെ ഗള്‍ഫിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ഒരു കൂട്ടം പ്രഗത്ഭര്‍ ഈ വര്‍ഷത്തെ ജൂറിയിലുണ്ട്. ബഹ്റൈന്‍ എഴുത്തുകാരന് അലി അല്‍ സയേഗ്, എമിറാത്തി തിരക്കഥാകൃത്ത് മുഹമ്മദ് ഹസന്, കുവൈത്ത് സംവിധായകന് അമര്‍ അല്‍ അമര്‍, സൗദി സംവിധായകനും ഫിലിം കമ്മീഷന് അംഗവുമായ അമര്‍ അല്‍ ഹമൂദ്, സൗദി നടിയും അവതാരകയുമായ സന യൂനിസ്, ബഹ്റൈന്‍ നാടകകൃത്ത് ഖാലിദ് അല്‍ റുവൈ എന്നിവരും ഇതിലുള്‍പ്പെടുന്നു.
