തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി തുല്യതാ പരീക്ഷയെഴുതിയ അക്ഷരശ്രീ പദ്ധതിയിലെ പഠിതാക്കള്‍ക്ക് ഉജ്ജ്വല വിജയം. 2021 ജൂലൈയില്‍ നടന്ന ഹയര്‍സെക്കന്‍ഡറി തുല്യതാ പരീക്ഷയില്‍ രണ്ടാം വര്‍ഷ പരീക്ഷയെഴുതിയ 497 പേരില്‍ 409 പേരും ഉന്നത പഠനത്തിന് യോഗ്യത നേടി.
തിരുവനന്തപുരം നഗരസഭയും സംസ്ഥാന സാക്ഷരതാമിഷനും സംയുക്തമായി നടപ്പാക്കിയ പദ്ധതിയാണ് അക്ഷരശ്രീ. 2018 ജൂലൈയില്‍ ഒരു ദിവസത്തെ ജനകീയ സര്‍വേയിലൂടെയാണ് നഗരസഭാപരിധിയിലെ 100 വാര്‍ഡുകളില്‍ നിന്നായി 11,768 നിരക്ഷരരെ കണ്ടെത്തിയത്. ജനകീയതയിലൂടെ തുടക്കം മുതല്‍തന്നെ ശ്രദ്ധിക്കപ്പെട്ട പദ്ധതിയായിരുന്നു അക്ഷരശ്രീ. വിദ്യാര്‍ത്ഥികളും, റസിഡന്‍സ് അസോസിയേഷനുകളും സന്നദ്ധപ്രവര്‍ത്തകരും സര്‍വേ പ്രവര്‍ത്തനം മുതല്‍ പദ്ധതിയില്‍ സജീവമായിരുന്നു. ഇന്‍സ്ട്രക്ടർമാരെയും പഠിതാക്കലേയും കൗണ്‍സിലര്‍മാര്‍ നിര്‍ദേശിക്കുകയും അത് നഗരസഭാ കൗണ്‍സില്‍ അംഗീകരിക്കുകയും ചെയ്ത ശേഷമാണ് ക്ലാസുകള്‍ ആരംഭിച്ചത്.
പദ്ധതി പ്രകാരം സാക്ഷരത, നാലാംതരം, ഏഴാംതരം എന്നിവയില്‍ 6000 പഠിതാക്കളെ ഗുണഭോക്താക്കള്‍ ആക്കാനായിരുന്നു തീരുമാനം. എന്നാല്‍ ഈ വിഭാഗത്തില്‍ നിന്ന് 6,579 പേരെ വിജയിപ്പിക്കാനായി. പദ്ധതിയിൽ ഉൾപ്പെടാത്ത 579 പേരുടെ പഠനചെലവ് സാക്ഷരതാ മിഷൻ വഹിച്ചു. സാക്ഷരതമുതല്‍ ഹയര്‍സെക്കന്‍ഡറി വരെ 8500 പേരെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിജയിപ്പാക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. നിലവില്‍ 7562 പേര് പദ്ധതിയിലൂടെ വിജയിച്ചു. പദ്ധതിയുടെ ആകെ വിജയശതമാനം 88.96 ശതമാനമാണ്.
2019 ഫെബ്രുവരിയില്‍ പ്രവേശനോത്സവം സംഘടിപ്പിച്ച് ക്ലാസുകള്‍ ആരംഭിച്ചു. 700 ഇന്‍സ്ട്രക്ടര്‍മാരെയാണ് പദ്ധതിക്കായി തെരഞ്ഞെടുത്തത്. സാക്ഷരതയ്ക്ക് 2740 പേരാണ് ക്ലാസുകളില്‍ എത്തിയിരുന്നത്. ഇതില്‍ 2732 പേര് പരീക്ഷയെഴുതി വിജയിച്ചു. നാലാംതരം തുല്യതാക്ലാസുകളിലെത്തിയ 2227 പേരില്‍ 2219 പേര് വിജയിച്ചു. 1612 പേരാണ് ഏഴാംതരം തുല്യതാക്ലാസുകളില്‍ എത്തിയത്. ഇതില്‍1600 പേര് വിജയിച്ചിരുന്നു. പത്താംതരം പരീക്ഷയെഴുതിയ 1074 പേരില്‍ 602 പേര് ഉന്നതപഠനത്തിന് യോഗ്യത നേടി. പദ്ധതി നടത്തിപ്പിനായുള്ള തുക വകയിരുത്തിയത് നഗരസഭയാണ്. 2,75,75,000 രൂപയാണ് പദ്ധതിനടത്തിപ്പിനായി അനുവദിച്ചിരുന്നത്. രജിസ്റ്റര്‍ ചെയ്തിട്ടും പരീക്ഷയെഴുതാന്‍ കഴിയാതെ പോയവര്‍ക്ക് സൗജന്യമായി പരീക്ഷയെഴുതാനുള്ള അവസരവും പദ്ധതിയിലൂടെ ഒരുക്കിയിട്ടുണ്ട്.
പട്ടികജാതി- പട്ടികവര്‍ഗക്കാരും, മത്സ്യത്തൊഴിലാളികളും, കൂലിപ്പണിക്കാരും ഉള്‍പ്പടുന്നവരാണ് പഠിതാക്കളില്‍ ഏറിയപങ്കും. പദ്ധതിക്ക് പുറമെ സംസ്ഥാന തുടര്‍ വിദ്യാഭ്യാസ കലോത്സവത്തില്‍ പങ്കെടുക്കുന്നതിനും സംഘാടകരായി പ്രവര്‍ത്തിക്കുന്നതിനും പഠിതാക്കള്‍ക്ക് അവസരം ലഭിച്ചു. പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും കൊവിഡ് നിര്‍വ്യാപന പ്രവര്‍ത്തനങ്ങളിലും പഠിതാക്കള്‍ പങ്കാളികളായി. ആറ്റിങ്ങല്‍ ഡയറ്റിലെ അധ്യാപകരെ ഉള്‍പ്പെടുത്തി പഠിതാക്കള്‍ക്ക് പ്രത്യേകക്ലാസുള് നല്കി. സാമൂഹ്യസാക്ഷരതാ പരിപാടികളില്‍ പങ്കാളികളാകാനും പഠിതാക്കള്‍ക്ക് പദ്ധതിയിലൂടെ സാധിച്ചു.
കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ നഗരസഭയിലെ 100 വാര്‍ഡുകളിലും പദ്ധതി നടപ്പാക്കാന്‍ സാധിച്ചു എന്നതും പദ്ധതിയുടെ ജനകീയ വിജയമാണ്. ഇപ്പോള്‍ പ്രസിദ്ധീകരിച്ച ഹയര്‍സെക്കന്‍ഡറി തുല്യതാ ഫലത്തോടെ പദ്ധതി കൂടുതല്‍ ജനകീയമാവുകയാണ്.
