മനാമ: ഷെയ്ഖ് മുഹമ്മദ് ബിന്‍ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ ആരംഭിച്ച ബഹ്റൈന്‍ കണ്ടല്‍ക്കാട് വികസന പദ്ധതിയുടെ ഭാഗമായി മുനിസിപ്പാലിറ്റി കാര്യ-കൃഷി മന്ത്രാലയം അക്കറിന്റെ പടിഞ്ഞാറന്‍ തീരത്ത് 2,000 കണ്ടല്‍ത്തൈകള്‍ നട്ടുപിടിപ്പിച്ചു. നാഷണല്‍ ഇനിഷ്യേറ്റീവ് ഫോര്‍ അഗ്രികള്‍ചറല്‍ ഡെവലപ്മെന്റിന്റെ (എന്‍.ഐ.എ.ഡി) പങ്കാളിത്തത്തോടെയും സൈന്‍ ബഹ്റൈന്റെ സഹായത്തോടെയുമാണ് തൈകള്‍ നട്ടത്.
ചടങ്ങില്‍ മുനിസിപ്പാലിറ്റി കാര്യ- കൃഷി മന്ത്രി വഈല്‍ ബിന്‍ നാസര്‍ അല്‍, എന്‍.ഐ.എ.ഡി. സെക്രട്ടറി ജനറല്‍ ശൈഖ മാരം ബിന്ത് ഈസ അല്‍ ഖലീഫ, മൊഹ്സിന്‍ അല്‍ അസ്ബൂല്‍ എം.പി, മുനിസിപ്പാലിറ്റി കാര്യ- കൃഷി മന്ത്രാലയത്തിലെ അണ്ടര്‍സെക്രട്ടറി ശൈഖ് മുഹമ്മദ് ബിന്‍ അഹമ്മദ് അല്‍ ഖലീഫ, കൃഷി- മൃഗസമ്പത്ത് കാര്യ അണ്ടര്‍സെക്രട്ടറി അസിം അബ്ദുല്ലത്തീഫ്, സൈന്‍ ബഹ്റൈന്‍ ജനറല്‍ മാനേജര്‍ ഡോ. മുഹമ്മദ് സൈനലാബെദീന്, കാപ്പിറ്റല്‍ മുനിസിപ്പാലിറ്റി കൗണ്‍സില്‍ ചെയര്മാന് സാലിഹ് താരദ എന്നിവര്‍ പങ്കെടുത്തു.
പരിസ്ഥിതി സംരക്ഷണം, സുസ്ഥിര വികസനം, ജൈവവൈവിധ്യ സംരക്ഷണം എന്നിവയ്ക്ക് ബഹ്റൈനിന് ഏറെ പ്രാധാന്യം നല്‍കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. 2035ഓടെ കണ്ടല്‍ക്കാടുകളുടെ വിസ്തൃതി നാലിരട്ടിയാക്കാനുള്ള ദേശീയ പദ്ധതികളുടെ ഭാഗമാണിത്. ഈ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ പൊതു-സ്വകാര്യ മേഖലകള്‍ തമ്മിലുള്ള സഹകരണത്തെ മന്ത്രി അഭിനന്ദിച്ചു.
പാരിസ്ഥിതിക സുസ്ഥിരത ലക്ഷ്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതില്‍ ഈ പദ്ധതിക്ക് ഏറെ പ്രാധാന്യമുണ്ടെന്ന് ശൈഖ മാരം ബിന്ത് ഈസ പറഞ്ഞു. എന്‍.ഐ.എ.ഡിയും മന്ത്രാലയവും തമ്മിലുള്ള സഹകരണത്തിനും സെയ്ന് ബഹ്റൈന്റെ പിന്തുണയ്ക്കും അവര്‍ അഭിനന്ദനം അറിയിച്ചു.
കണ്ടല്‍ക്കാടുകളുടെ പാരിസ്ഥിതിക നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതിനും പാരിസ്ഥിതിക ലക്ഷ്യങ്ങള്‍ കൈവരിക്കാനും സാമൂഹ്യ പങ്കാളിത്തം പ്രോത്സാഹിപ്പിക്കാനുമുള്ള സംരംഭത്തെ മൊഹ്സിന്‍ അല്‍ അസ്ബൂല്‍ എ.ംപി. അഭിനന്ദിച്ചു.
‘ഫോര്‍എവര്‍ ഗ്രീന്‍’ കാമ്പയിനിന്റെ നാലാം ഘട്ടത്തിന്റെ ഭാഗമായാണ് ഈ പരിപാടി.
