വിയ്യൂർ ജയിലിൽ വച്ച് അസിസ്റ്റന്റ് സൂപ്രണ്ടിനെ മർദിച്ച സംഭവത്തിൽ ആകാശ് തില്ലങ്കേരി അറസ്റ്റിൽ. കോടതിയുടെ അനുമതിയെ തുടർന്ന് പൊലീസ് വിയ്യൂർ ജയിലിലെത്തി അറസ്റ്റ് രേഖപ്പെടുത്തി. ജയിൽ ഉദ്യോഗസ്ഥർ തന്നെ ആക്രമിക്കുകയായിരുന്നുവെന്ന് ആകാശ് തില്ലങ്കേരി വ്യക്തമാക്കി.
കാപ്പാ തടവുകാരനായി വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലാണ് ആകാശ് തില്ലങ്കേരി കഴിയുന്നത്. വിയ്യൂർ പൊലീസാണ് അറസ്റ്റിനായി കോടതിയുടെ അനുമതി തേടിയത്. ഇതു സംബന്ധിച്ച അപേക്ഷ തൃശൂർ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചിരുന്നു.ജയിലിൽ നടന്ന സംഭവമായതിനാൽ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ആയിരിക്കും ചോദ്യം ചെയ്യൽ.
ഫോൺ ഉപയോഗിച്ചെന്ന സംശയത്തെ തുടർന്ന് ആകാശ് തില്ലങ്കേരിയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. ഈ സമയത്താണ് അസിസ്റ്റന്റ് ജയിലർ രാഹുലിനെ ആകാശ് മർദ്ദിച്ചത്. ഇതിന് ശേഷം രാഹുൽ തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സ തേടിയിരുന്നു. രാഹുലിന്റെ പരാതിയിലാണ് ആകാശിനെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി വിയ്യൂർ പോലീസ് കേസെടുത്തത്.
സെല്ലിൽ ആകാശ് കിടക്കുന്നത് കാണാൻ കഴിയാത്ത തരത്തിൽ തുണികൊണ്ട് മറച്ചത് ചോദ്യം ചെയ്തതിനാണ് മർദ്ദനമെന്ന് എഫ്ഐആറിൽ പറയുന്നു. ഉദ്യോഗസ്ഥനെ മർദ്ദിക്കൽ, കൃത്യനിർവഹണം തടസപ്പെടുത്തൽ തുടങ്ങിയ കാര്യങ്ങൾ ചൂണ്ടികാട്ടിയാണ് കേസ്.