കേരള ഘടകം ശരത് പവാറിനൊപ്പമെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ. അജിത് പവാറിന് അധികാരമോഹമാണെന്നും അദ്ദേഹത്തിന്റെ നിലപാട് വഞ്ചനാപരമാണെന്നും എ.കെ ശശീന്ദ്രൻ പറഞ്ഞു. കേരളത്തിൽ എൻസിപി ഇടതു മുന്നണിയിൽ തുടരും. ബിജെപിയുമായി എൻസിപി കൂട്ടുകൂടില്ലെന്നും എ.കെ ശശീന്ദ്രൻ പറഞ്ഞു.
നാടകീയ രംഗങ്ങൾക്കാണ് മഹാരാഷ്ട് ഇന്ന് സാക്ഷ്യം വഹിച്ചത്. എൻസിപിയെ പിളർത്തി അജിത് പവാറും അദ്ദേഹത്തെ അനുകൂലിക്കുന്ന എംഎൽഎമാരും ഏകനാഥ് ഷിൻഡെ സർക്കാരിനൊപ്പമായി. എൻസിപി നേതാവും പ്രതിപക്ഷ നേതാവുമായ അജിത് പവാർ ഉപമുഖ്യമന്ത്രിയായി ഏകനാഥ് ഷിൻഡെ മന്ത്രിസഭയിൽ സത്യപ്രതിജ്ഞ ചെയ്തു. സംസ്ഥാനത്തെ ആകെയുള്ള 53 എൻസിപി എംഎൽഎമാരിൽ 29 എംഎൽഎമാരെയും ഒപ്പം നിർത്തിയാണ് അജിത് പവാറിന്റെ നിർണായക നീക്കം.
മഹാരാഷ്ട്ര നിയമസഭയിലെ പ്രതിപക്ഷ നേതാവ് സ്ഥാനം ഒഴിയാനുള്ള ആഗ്രഹം അജിത് പവാർ പരസ്യമായി പ്രകടിപ്പിച്ചതിന് പിന്നാലെയാണ് ബിജെപിയെ പോലും ഞെട്ടിച്ചുകൊണ്ടുള്ള നീക്കം. ഇന്ന് രാവിലെ അജിത് പവാറിന്റെ മുംബൈയിലെ വസതിയിൽ എൻസിപി എംഎൽഎമാരിൽ ഒരു വിഭാഗം യോഗം ചേർന്നിരുന്നു.