തിരുവനന്തപുരം: എല്ലാ ഭിന്നതകളും മറന്ന് വയനാടിനായി ഒരുമിച്ച് നിൽക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണി. കേരളത്തിന്റെ ചരിത്രത്തിൽ ഇതുവരെ ഉണ്ടാകാത്ത ദുരന്തമാണ് വയനാട്ടിൽ ഉണ്ടായതെന്നും 50,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകുമെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയവും മറ്റു ചിന്തകളും മറന്ന് ദുരുതത്തിൽ അകപ്പെട്ടുപോയവരെ പുനരധിവസിപ്പിക്കാനുള്ള പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഉദാരമായി സംഭാവന നൽകണമെന്ന് ആന്റണി അഭ്യർഥിച്ചു. എം.പി ആയിരുന്നപ്പോൾ പഴയ പ്രളയകാലത്തൊക്കെ കൂടുതൽ പണം സംഭാവന നൽകിയിട്ടുണ്ട്. ഇപ്പോൾ അതിനുള്ള കഴിവില്ല. എന്നാലും ഇന്ന് 50,000 രൂപയുടെ ചെക്ക് നൽകുന്നുണ്ട്. എല്ലാവരും എല്ലാംമറന്ന് ഒരു തർക്കവുമില്ലാതെ പരമാവധി തുക നൽകണം, അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിനായി പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും ദുരിതമനുഭവിക്കുന്ന വയനാട്ടിലെ ജനങ്ങൾക്ക് സാമ്പത്തിക പിന്തുണ അടക്കമുള്ള സഹായങ്ങൾ നൽകണമെന്നും കേന്ദ്രസർക്കാരിനോട് അദ്ദേഹം ആവശ്യപ്പെട്ടു.