ഐശ്വര്യ രജനീകാന്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലാൽ സലാം. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഐശ്വര്യ പങ്കുവയ്ക്കുന്ന ചിത്രത്തിന്റെ അപ്ഡേറ്റുകൾക്ക് ഓൺലൈനിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ഐശ്വര്യ ചിത്രത്തിന്റെ ബിടിഎസ് ദൃശ്യങ്ങൾ പുറത്ത് വിട്ടിരിക്കുകയാണ്.
വിഷ്ണു വിശാലും വിക്രാന്തും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ രജനീകാന്ത് അതിഥി വേഷത്തിലാണ് എത്തുന്നത്. ധനുഷിനെ നായകനാക്കി ‘3’, ‘വെയ് രാജ വെയ്’ എന്നീ ചിത്രങ്ങളും ഐശ്വര്യ മുന്നേ സംവിധാനം ചെയ്തിട്ടുണ്ട്. ‘സിനിമാ വീരൻ’ എന്ന പേരിൽ ഒരു ഡോക്യുമെന്ററിയും സംവിധാനം ചെയ്തു. ‘സ്റ്റാൻഡിംഗ് ഓൺ ആൻ ആപ്പിൾ ബോക്സ്: ദി സ്റ്റോറി ഓഫ് എ ഗേൾ എമംഗ് ദ സ്റ്റാർ’ എന്ന പുസ്തകവും ഐശ്വര്യ രജനീകാന്ത് എഴുതിയിട്ടുണ്ട്. ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ലൈക്ക പ്രൊഡക്ഷൻസാണ് നിർമ്മിക്കുന്നത്.
സിരുത്തൈ ശിവ സംവിധാനം ചെയ്ത ‘അണ്ണാത്തെ’ ആയിരുന്നു രജനീകാന്തിന്റെ അവസാന ചിത്രം. നെൽസൺ സംവിധാനം ചെയ്യുന്ന ‘ജയിലർ’ എന്ന ചിത്രത്തിലാണ് രജനീകാന്ത് ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. രമ്യാ കൃഷ്ണനും ചിത്രത്തിൽ ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിൽ ജയിലറുടെ വേഷത്തിലാണ് രജനി എത്തുന്നത്.