മുംബൈ: ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ എന്നിവയിൽ നിന്നും 14,000 കോടി രൂപയുടെ സാമ്പത്തിക സഹായം ആവശ്യപ്പെട്ടു. പുതിയ വായ്പകളിലൂടെയും നിലവിലുള്ള കടത്തിന്റെ റീഫിനാൻസ് വഴിയുമാണ് എയർ ഇന്ത്യ ധനസമാഹരണം നടത്തുന്നത്.
എയർലൈൻ വ്യവസായത്തെ സഹായിക്കുന്നതിന് ഒരു സ്ഥാപനത്തിന് ലഭിക്കാവുന്ന വായ്പകളുടെ പരിധി സർക്കാർ ഉയർത്തിയിരുന്നു. നേരത്തെ എമർജൻസി ക്രെഡിറ്റ് ലൈൻ ഗ്യാരണ്ടി സ്കീം പരിധി 400 കോടി രൂപയായിരുന്നു, എന്നാൽ ഇപ്പോൾ അത് 1,500 കോടി രൂപയാണ്. ഇസിഎൽജിഎസ് വഴി 1,500 കോടി രൂപയും നിലവിലുള്ള വായ്പകളുടെ റീഫിനാൻസിംഗ് വഴി 12,500 കോടി രൂപയും എയർ ഇന്ത്യ സമാഹരിച്ചു. ആഭ്യന്തര, അന്തർദ്ദേശീയ വിപണികളിൽ കൂടുതൽ പ്രവർത്തനങ്ങൾ നടത്താൻ എയർലൈൻ ഈ ഫണ്ട് ഉപയോഗിക്കാൻ സാധ്യതയുണ്ട്.