
തൃശ്ശൂര്‍: നിര്‍മിത ബുദ്ധിയുടെ ഭാഗമായി രൂപപ്പെടുന്ന ഉത്പാദനോപാധികളുടെ ഉടമസ്ഥാവകാശം കോര്‍പ്പറേറ്റുകളുടേയും മുതലാളിമാരുടേയും കൈയിലെത്തുന്നതോടെ പ്രതിസന്ധികള്‍ കൂടുമെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. ഇത് വലിയ പോരാട്ടങ്ങളും സമരങ്ങളും ശക്തിപ്പെട്ടുവരാന്‍ കാരണമാവുമെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം. തൃശ്ശൂര്‍ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘എ.ഐ. ഉപയോഗിക്കുമ്പോഴുള്ള പ്രശ്നമെന്താണ്? കുത്തകമുതലാളിത്തത്തിന്റെ ലാഭം, മിച്ചമൂല്യവിഹിതം, വലിയ രീതിയില്‍ കൂടും. അവര്‍തന്നെ പറയുന്നതുപോലെ പത്തോ അറുപതോ ശതമാനം ആളുകളുടെ തൊഴില്‍ നഷ്ടപ്പെടാന്‍ ഇടയാകുകയും ചെയ്യും. ഈ സാഹചര്യം ലോകത്തുവളര്‍ന്നുവന്നാല്‍ ഈ ശാസ്ത്രത്തിന്റെ ഭാഗമായി രൂപം കൊള്ളുന്ന ഉത്പാദനോപാധികളെല്ലാം കോര്‍പ്പറേറ്റുകളുടേയും മുതലാളിമാരുടേയും കൈയിലായിരിക്കുന്നിടത്തോളം കാലം പ്രതിസന്ധി കൂടുകയാണ് ചെയ്യുക. വലിയ പോരാട്ടങ്ങളും സമരങ്ങളും ശക്തിപ്പെട്ടുവരികയാണ് ചെയ്യുക’, എന്നായിരുന്നു എം.വി. ഗോവിന്ദന്റെ വാക്കുകള്‍.
എ.ഐ. സംവിധാനത്തെ സ്വതന്ത്രമായി ആര്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്നരീതിയില്‍ ബദലായി കൈകാര്യംചെയ്യാന്‍ കഴിയണമെന്ന് കഴിഞ്ഞദിവസം എം.വി. ഗോവിന്ദന് പറഞ്ഞിരുന്നു. എ.ഐ. ഉള്‍പ്പെടെയുള്ള എല്ലാത്തിനേയും പൂര്‍ണമായി ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ദര്‍ശനം മാര്‍ക്സിസം മാത്രമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
നേരത്തേ പലതവണ എം.വി. ഗോവിന്ദന് എ.ഐയെക്കുറിച്ച് നടത്തിയ അഭിപ്രായപ്രകടനങ്ങള്‍ വലിയ ചര്‍ച്ചയായിരുന്നു. എ.ഐ സോഷ്യലിസത്തിലേയ്ക്ക് നയിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ പ്രസ്താവന. ഇത് വിവാദമായതോടെ കൂടുതല്‍ വിശദീകരണവുമായെത്തിയ അദ്ദേഹം, എ.ഐ വരുന്നതോടെ സമൂഹത്തിലെ സമ്പത്തിന്റെ വിതരണത്തിലുള്ള വൈരുദ്ധ്യം വര്‍ധിക്കുമെന്നും ഇത് തൊഴിലില്ലായ്മയുടെ തോത് 60 ശതമാനത്തോളം ഉയര്‍ത്തുമെന്നും അഭിപ്രായപ്പെട്ടു. ഇത് സ്ഫോടനാത്മകമായിരിക്കും. ക്രമേണ അധ്വാനിക്കുന്ന വര്‍ഗം അതിശക്തിയായി ഭരണകൂട വ്യവസ്ഥയെത്തന്നെ തട്ടിമാറ്റുമെന്നും അദ്ദേഹം വിശദീകരിച്ചു.
