
മനാമ: സുപ്രീം കൗണ്‍സില്‍ ഫോര്‍ യൂത്ത് ആന്‍ഡ് സ്പോര്‍ട്സിന്റെ (എസ്.സി.വൈ.എസ്) ഫസ്റ്റ് ഡെപ്യൂട്ടി ചെയര്‍മാനും ജനറല്‍ സ്പോര്‍ട്സ് അതോറിറ്റി (ജി.എസ്.എ) ചെയര്‍മാനും ബഹ്റൈന്‍ ഒളിമ്പിക് കമ്മിറ്റി (ബി.ഒ.സി) പ്രസിഡന്റുമായ ഷെയ്ഖ് ഖാലിദ് ബിന്‍ ഹമദ് അല്‍ ഖലീഫയുടെ രക്ഷാകര്‍തൃത്വത്തില്‍ ജി.എസ്.എയും ഷെയ്ഖ് നാസര്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് സെന്ററും (എന്‍.എ.ഐ.ആര്.ഡി.സി) ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ഓഫ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും (ഐ.ജി.ഒ.എ.ഐ) സഹകരിച്ച് ‘ഐ ആം ടാലന്റഡ്’ പ്രോഗ്രാമിന്റെ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന സ്പോര്‍ട്സിലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെക്കുറിച്ചുള്ള ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സിന്റെ മൂന്നാം പതിപ്പ് ഏപ്രില്‍ 24ന് നടക്കും.
കോണ്‍ഫറന്‍സിന്റെ തുടര്‍ച്ചയായ സംഘാടനത്തിലൂടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യകളുടെ വര്‍ദ്ധിച്ചുവരുന്ന പ്രാധാന്യവും കായിക മേഖലയില്‍ അവ ചെലുത്തുന്ന നല്ല സ്വാധീനവും പ്രതിഫലിക്കുകയാണെന്ന് ഷെയ്ഖ് ഖാലിദ് ബിന്‍ ഹമദ് പറഞ്ഞു. ലോകം പ്രധാന പരിവര്‍ത്തനങ്ങളിലേക്ക് നീങ്ങുകയാണ്. അതില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഒരു പ്രധാന പങ്ക് വഹിക്കും. ഈ ആധുനിക സാങ്കേതികവിദ്യയെ ആശ്രയിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട മേഖലകളിലൊന്നാണ് ഇപ്പോള്‍ സ്പോര്ട്സെന്നും അദ്ദേഹം പറഞ്ഞു.
ഓണ്‍ലൈനായി നടക്കുന്ന ഈ സമ്മേളനത്തില്‍ കായികരംഗത്തെ എ.ഐയില്‍ വൈദഗ്ദ്ധ്യമുള്ള അന്താരാഷ്ട്ര പ്രഭാഷകര്‍ പങ്കെടുക്കും. മുമ്പു നടന്ന രണ്ടു പതിപ്പുകളിലും 21ലധികം രാജ്യങ്ങളെ പ്രതിനിധീകരിച്ച് 320ലധികം വ്യക്തികള്‍ പങ്കെടുത്തിരുന്നു.
