
ദില്ലി : അഹമ്മദാബാദിൽ നടന്ന എയർ ഇന്ത്യ വിമാനാപകടവുമായി ബന്ധപ്പെട്ട അന്വേഷണം നീതിയുക്തവും വേഗത്തിലുമാണോ എന്ന് സുപ്രീം കോടതി പരിശോധിക്കും. അപകടത്തെക്കുറിച്ച് കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി പരിഗണിക്കവെയാണ് കോടതി നിലപാട് വ്യക്തമാക്കിയത്. ഇതേ തുടർന്ന് കേന്ദ്രത്തിനും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനും (ഡിജിസിഎ), എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയ്ക്കും കോടതി നോട്ടീസ് അയച്ചു. വിമാന അപകടത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ടിലെ ചില ഭാഗങ്ങൾ മാത്രം മാധ്യമങ്ങളിലേക്ക് ചോരുന്നതിൽ കോടതി അതൃപ്തി രേഖപ്പെടുത്തി. ഇത് അന്വേഷണത്തെ ദോഷകരമായി ബാധിക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ജൂണിലാണ് അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പറന്ന എയർ ഇന്ത്യ വിമാനം ടേക്ക്-ഓഫിനിടെ തകർന്നു വീണത്. അപകടത്തിൽ 260-ൽ അധികം യാത്രക്കാർ മരിച്ചിരുന്നു. പൈലറ്റുമാർ ഇന്ധനം വിച്ഛേദിച്ചതാകാം അപകട കാരണം എന്ന തരത്തിലുള്ള റിപ്പോർട്ടിലെ ഭാഗം മാധ്യമങ്ങളിലൂടെ നേരത്തെ പുറത്ത് വന്നിരുന്നു. ഇതിനെ സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചു. അപകടത്തിലെ അന്വേഷണം പൂർത്തിയാകുന്നതുവരെ രഹസ്യാത്മകത പാലിക്കേണ്ടത് പ്രധാനമാണെന്ന് കോടതി ഊന്നിപ്പറഞ്ഞു. ഈ വിഷയത്തിൽ കൂടുതൽ വിവരങ്ങൾ നൽകാൻ കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അപകടകാരണം പൈലറ്റുമാരുടെ പിഴവാണെന്ന് വരുത്തിതീർക്കുന്ന തരത്തിലുള്ള വാർത്തകൾക്കെതിരെ മരിച്ച പൈലറ്റായ സുമീത് സബർവാളിന്റെ കുടുംബം നേരത്തെ രംഗത്തെത്തിയിരുന്നു.
