മനാമ: അഹ്ലൻ റമദാൻ പരിപാടികളുടെ ഭാഗമായി അൽ മന്നാഇ സെന്റർ (മലയാള വിഭാഗം) സംഘടിപ്പിച്ചു വന്ന പ്രഭാഷണ പരിപാടിയുടെ സമാപനം ഉമ്മുൽ ഹസ്സൻ മാലിക് ഖാലിദ് ജുമാ മസ്ജിദിനോട് അനുബന്ധിച്ച് തയ്യാറാക്കിയ റമദാൻ ടെന്റിൽ നടന്നു.
“റമദാൻ – വിജയ മാർഗ്ഗം” എന്ന വിഷയത്തെ ആസ്പദമാക്കി പ്രശസ്ത പണ്ഡിതനും വാഗ്മിയുമായ സിറാജുൽ ഇസ്ലാം ബാലുശ്ശേരി നടത്തിയ പ്രഭാഷണ പരിപാടിയിൽ ആയിരത്തോളം പേർ പങ്കെടുത്തു. പാപമോചനം നേടുന്ന കാര്യത്തിൽ വ്രതാനുഷ്ഠാനം ഒരു വിശ്വാസിയുടെ ജീവിതത്തിൽ എത്രമാത്രം സ്വാധീനം ചെലുത്തുന്നുണ്ടെന്ന കാര്യം മനസ്സിലാക്കി അതിന്റെ പൂർണ്ണാർത്ഥത്തിൽ ഉൾക്കൊണ്ടായിരിക്കണം ഈ ഒരു പുണ്യ മാസത്തെ ഓരോരുത്തരും തങ്ങളുടെ ജീവിതത്തിലേക്ക് വരവേൽക്കേണ്ടത് എന്ന് അദ്ദേഹം സദസ്സിനെ ഓർമ്മിപ്പിച്ചു.
പുതുതായി തയ്യാർ ചെയ്ത ടെന്റിന്റെ ഉത്ഘാടനച്ചടങ്ങോടെ ആരംഭിച്ച പരിപാടിയിൽ അബ്ദുല്ല ബിൻ സഅദുല്ല അൽ മുഹമ്മദി ഖുർആൻ പാരായണം നിർവ്വഹിച്ചു. അബ്ദുൽ ഗഫൂർ പാടൂർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഷെയ്ഖ് ഈസ്സ മുതവ്വ ഉൽഘാടന പ്രഭാഷണം നിർവഹിച്ചു.
അൽ മന്നാഇ കമ്മ്യൂണിറ്റീസ് അവേർനെസ്സ് സെന്റർ നേതാക്കളായ ഷെയ്ഖ് ആദൽ ബുസൈബ, ഡോ. സഅദുല്ല അൽ മുഹമ്മദി എന്നിവരോടൊപ്പം ഹംസ അമേത്ത്, രിസാ ലുദ്ദീൻ മീത്തൽ മാളികണ്ടി, ടി.പി. അബ്ദുൽ അസീസ്, സി.കെ. അബ്ദുല്ല, വി.പി. അബ്ദു റസാഖ് എന്നിവർ സന്നിഹിതരായിരുന്നു.
റയ്യാൻ മദ്രസ്സ നടത്തുന്ന റമദാൻ ക്വിസിന്റെ ലോഗോ പ്രകാശനം സിറാജുൽ ഇസ്ലാം ബാലുശ്ശേരി റയ്യാൻ മദ്രസ്സ ചെയർമാൻ വി പി അബ്ദു റസാഖിന് നൽകിക്കൊണ്ട് നിർവ്വഹിച്ചു. ബിനു ഇസ്മായിൽ നന്ദി പറഞ്ഞു.