തിരുവനന്തപുരം: വീട്ടുമുറ്റത്ത് ചെറിയ കൃഷിയും മൃഗസംരക്ഷണ പ്രവർത്തനങ്ങളും നടത്തിയാൽ പോഷകസുരക്ഷ ഉറപ്പാക്കാൻ കഴിയുമെന്നും, തീർത്ഥാടക ലക്ഷ്യങ്ങളായി ഗുരുദേവൻ പ്രഖ്യാപിച്ച കൃഷിയും കൈത്തൊഴിലും അതോടൊപ്പം സാധ്യമാകുമെന്നും മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി പറഞ്ഞു. ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് വർക്കലയിൽ മൃഗസംരക്ഷണ വകുപ്പ് ഒരുക്കിയ സ്റ്റാൾ പവലിയൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
പവലിയൻ സന്ദർശകർക്കായി തുറന്നു കൊടുത്തു. മൃഗസംരക്ഷണ വകുപ്പിന്റെ ജനക്ഷേമകരമായ വികസന പ്രവർത്തങ്ങളും മൃഗസംരക്ഷണ അവബോധവും പൊതുജനങ്ങളിലേക്ക് എത്തിക്കാൻ കഴിയുന്ന രീതിയിലാണ് സ്റ്റാളിന്റെ സജ്ജീകരണം. സംസ്ഥാന സർക്കാരിന്റെയും മൃഗസംരക്ഷണ വകുപ്പിന്റെയും വികസന പ്രവർത്തനങ്ങളുടെ നേർക്കാഴ്ചയാണ് സ്റ്റാളിൽ ഒരുക്കിയിട്ടുള്ളത്. മൃഗസംരക്ഷണ വകുപ്പിന്റെ പ്രസിദ്ധീകരണങ്ങൾ, പദ്ധതികൾ, വളർത്തുമൃഗ പ്രദർശനങ്ങൾ എന്നിവ സ്റ്റാളിൽ ഒരുക്കിയിട്ടുണ്ട്.
പരിപാടിയിൽ വി. ജോയി എം.എൽ.എ അധ്യക്ഷത വഹിച്ചു.
ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ, തീർത്ഥാടന സമിതി സെക്രട്ടറി സ്വാമി ഋതംബരാനന്ദ ബോധിതീർത്ഥാനന്ദ സ്വാമി, മുൻസിപ്പൽ ചെയർപേഴ്സൺ ലാജി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സ്മിത സുന്ദരേശൻ, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. പി.വി. അരുണോദയ, ഡെപ്യൂട്ടി ഡയറക്ടർ ഡോ.പി.എസ് ശ്രീകുമാർ എന്നിവർ ചടങ്ങിൽ സംസാരിച്ചു.