മലപ്പുറം: മലപ്പുറത്തെ കരുവാരക്കുണ്ടിലെ മലയോര മേഖലയില്‍ വീണ്ടും കടുവ ഇറങ്ങിയെന്ന് തോട്ടം തൊഴിലാളികള്‍. കൽക്കുണ്ട് ഭാഗത്തിറങ്ങിയ കടുവ രണ്ട് കാവൽ നായകളെ കൊന്നുവെന്നാണ് തൊഴിലാളികള്‍ പറയുന്നത്. സി പി ഷൗക്കത്തലി എന്നയാള്‍ തോട്ടം മേഖലയുടെ കാവലിനായി വളർത്തിയ നായകളെയാണ് കടുവ പിടിച്ചത്.
കടുവ നായയെ കടിച്ചെടുത്തു പോകുന്നത് താന്‍ കണ്ടെന്ന് തോട്ടം തൊഴിലാളി പറഞ്ഞു. വനപാലകരെ വിവരം അറിയിച്ചെങ്കിലും അധികൃതർ സ്ഥലം സന്ദർശിച്ചിട്ടില്ല. വാഹന സൗകര്യമില്ലാത്തതിനാൽ വരാൻ കഴിയില്ലെന്ന് അധികൃതർ അറിയിച്ചതായി തോട്ടം ഉടമ പറഞ്ഞു. പരിസരത്ത് കടുവയുടേത് സംശയിക്കുന്ന കാൽപ്പാടുകള്‍ കണ്ടെത്തി. ഒരു നായയെ ഭക്ഷിച്ച ശേഷമാണ് രണ്ടാമത്തെതിനെ കടുവ കടിച്ചെടുത്തു കൊണ്ടുപോയതെന്ന് തോട്ടം ഉടമ പറഞ്ഞു. ജനവാസ കേന്ദ്രങ്ങളുടെ സമീപത്തുവരെ കടുവ എത്തിയിട്ടുണ്ട്. തോട്ടം മേഖലയിലെ തൊഴിലാളികൾ വന്യജീവി ആക്രമണ ഭീതിയിലാണ്. കൽക്കുണ്ട്, ചേരി, ചേരിപ്പടി, കേരള എസ്റ്റേറ്റ്, കുണ്ടോട, കരിങ്കത്തോണി, പാന്തറ ഭാഗങ്ങളിലെല്ലാം കടുവയുടെ ആക്രമണമുണ്ടായി.