തമിഴിന് ശേഷം തെലുങ്കിൽ അരേങ്ങേറ്റം കുറിക്കാനൊരുങ്ങി ജോജു ജോർജ്. നവാഗതനായ എൻ ശ്രീകാന്ത് റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രം സിതാര എന്റർടെയ്ൻമെന്റ്സും, ഫോർച്യൂൺ ഫോർ സിനിമാസും ചേർന്നാണ് നിർമ്മിക്കുന്നത്. പഞ്ച വൈഷ്ണവ് തേജ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ജോജു ജോർജ് വില്ലനായാണ് എത്തുന്നത്. ശ്രീലീലയാണ് ചിത്രത്തിലെ നായിക.
ചിത്രത്തിൽ ജോജു അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ലുക്കിനൊപ്പമാണ് നടന്റെ തെലുങ്ക് അരങ്ങേറ്റം നിർമ്മാതാക്കൾ പ്രഖ്യാപിച്ചത്. ചിത്രത്തിൽ ജോജു അവതരിപ്പിക്കുന്ന വില്ലൻ കഥാപാത്രത്തിന്റെ പേര് ചെങ്ക റെഡ്ഡി എന്നാണ്. സായ് ധരം തേജിന്റെ സഹോദരൻ പഞ്ച വൈഷ്ണവ് തേജിന്റെ കരിയറിലെ നാലാമത്തെ ചിത്രം കൂടിയാണിത്. ഒരു കൈയിൽ തോക്കും മറുകൈയിൽ സിഗരറ്റ് ലൈറ്ററും പിടിച്ച് ബ്രൗൺ ഷർട്ടും ധരിച്ചാണ് ജോജു ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ പ്രത്യക്ഷപ്പെടുന്നത്. നെറ്റ്ഫ്ലിക്സ് റിലീസിലൂടെ ഏറെ ശ്രദ്ധ നേടിയ ജോജുവിന്റെ ഏറ്റവും പുതിയ ചിത്രമായ ഇരട്ടയ്ക്ക് അഭിനന്ദനവും പോസ്റ്ററിലൂടെ അറിയിച്ചിട്ടുണ്ട്.
മലയാളത്തിന് പുറത്ത് തമിഴിൽ മാത്രമാണ് ജോജു മുൻപ് അഭിനയിച്ചിട്ടുള്ളത്. ജഗമേ തന്തിരം, ആന്തോളജി ചിത്രമായ പുത്തം പുതു കാലൈ വിടിയാത, ബഫൂൺ തുടങ്ങിയവയാണ് തമിഴ് ചിത്രങ്ങൾ. അതേസമയം, തിയറ്റർ റിലീസിൽ കൂടുതൽ ശ്രദ്ധ നേടാത്ത ഇരട്ട നെറ്റ്ഫ്ലിക്സിന്റെ ആഗോള ടോപ്പ് 10 ലിസ്റ്റിൽ ഇടം നേടിയിട്ടുണ്ട്.