മെഗാ ഹിറ്റായ ‘ആർആർആറി’ന് ശേഷം, ആരാധകരെ ആവേശത്തിലാക്കി ജൂനിയർ എൻടിആറിന്റെ പുതിയ ചിത്രം വരുന്നു. ‘എൻടിആർ 30’ എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് താരം അടുത്തതായി പ്രത്യക്ഷപ്പെടുക. കൊരടാല ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തെക്കുറിച്ചുള്ള പുതിയ അപ്ഡേറ്റാണ് പുറത്ത് വന്നിരിക്കുന്നത്.
ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കുമെന്ന് ‘എൻടിആർ 30’യുടെ നിർമ്മാതാക്കൾ അറിയിച്ചു. സാബു സിറിൽ ആണ് പ്രൊഡക്ഷൻ ഡിസൈനർ. രത്നവേലുവാണ് ഛായാഗ്രഹണം. ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷൻ ജോലികൾക്കായി തങ്ങൾ ഇപ്പോൾ പ്രവർത്തിക്കുകയാണെന്ന് ‘എൻടിആർ 30’ നിർമ്മാതാക്കൾ ട്വീറ്റ് ചെയ്തു.
വെള്ളിത്തിരയിൽ ശക്തമായ കഥകളിലൂടെ പ്രശസ്തനായ തമിഴ് സംവിധായകൻ വെട്രിമാരനുമായി ജൂനിയർ എൻടിആർ കൈകോർക്കുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. വെട്രിമാരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഭിനയിക്കാൻ ജൂനിയർ എൻടിആർ സമ്മതിച്ചതായാണ് റിപ്പോർട്ടുകൾ. ജൂനിയർ എൻടിആർ ഇക്കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല. കൊരടാല ശിവ, പ്രശാന്ത് നീല്‍ എന്നിവരുടെ ചിത്രങ്ങള്‍ക്കൊപ്പം വെട്രിമാരന്റെ സംവിധാനത്തിലും ഒരു പാൻ ഇന്ത്യൻ സിനിമയില്‍ ജൂനിയര്‍ എൻടിആര്‍ അഭിനയിച്ചേക്കുമെന്ന വാര്‍ത്ത ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.