തിരുവനന്തപുരം: 2016ൽ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷം സംസ്ഥാനത്ത് 22 സി.പി.ഐ(എം) പ്രവർത്തകരാണ് കൊല്ലപ്പെട്ടത്. ഇതിൽ 16 കൊലപാതകങ്ങളിൽ ആർഎസ്എസ്-ബിജെപി പ്രവർത്തകരാണ് കുറ്റക്കാരെന്ന് സിപിഐ(എം) സംസ്ഥാന കമ്മിറ്റി അറിയിച്ചു.
എൽ.ഡി.എഫ് സർക്കാരിന്റെ കാലത്തെ ആദ്യ രാഷ്ട്രീയ കൊലപാതകം പിണറായി വിജയന്റെ മണ്ഡലമായ ധർമ്മടത്തായിരുന്നു. 2016 മെയ് 19ന് നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന്റെ വിജയം വൻ ഭൂരിപക്ഷത്തോടെ ആഘോഷിക്കുന്നതിനിടെയാണ് പാർട്ടി പ്രവർത്തകനായ സി വി രവീന്ദ്രന്റെ കൊലപാതകം നടന്നത്.
വിജയഘോഷയാത്രയ്ക്കെത്തിയ രവീന്ദ്രനെ ബോംബെറിഞ്ഞ് വീഴ്ത്തി വാഹനം കയറ്റി കൊലപ്പെടുത്തുകയായിരുന്നു എന്ന് സി പി ഐ എം പറയുന്നു. 2016ൽ മാത്രം ആറ് കൊലപാതകങ്ങളിലാണ് ആർഎസ്എസുകാർ പ്രതികളായത്. അതില്‍ ചേര്‍ത്തലയിലെ ഷിബു എന്ന സുരേഷ് കൊല്ലപ്പെട്ടത് പിണറായി വിജയൻ അധികാരത്തിലേറുന്നതിന് മുമ്പ് 2016 ഫെബ്രുവരിയിലായിരുന്നു.