ജിദ്ദ: മദീനക്ക് പിന്നാലെ ജീസാനിലും സ്വദേശിവത്ക്കരണം നടപ്പിലാക്കുന്നു. ആറ് മാസത്തിനുള്ളിൽ നിർദ്ദിഷ്ട തൊഴിലുകളിൽ 70 ശതമാനവും തദ്ദേശീയരായിരിക്കണമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യാഴാഴ്ച പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കി. മലയാളികൾ ഉൾപ്പെടെ നിരവധി പ്രവാസികളെ ഇത് സാരമായി ബാധിക്കും. പ്രാദേശിക സ്വദേശിവത്ക്കരണ പദ്ധതിയുടെ ഭാഗമായി ഗവർണറേറ്റിന്റെയും ആഭ്യന്തര മന്ത്രാലയത്തിന്റെയും പങ്കാളിത്തത്തോടെയാണ് ഇത് നടപ്പാക്കുക. തദ്ദേശീയർക്ക് കൂടുതൽ തൊഴിലവസരങ്ങൾ നൽകുന്നതിനും വിപണിയിലെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനുമാണിത്.
സെയിൽസ് ഔട്ട്ലറ്റുകളിൽ പരസ്യ ഏജൻസികളുടെ പ്രവർത്തനത്തിനുള്ള കൗണ്ടറുകൾ, ഫോട്ടോ സ്റ്റുഡിയോ, ലാപ്ടോപ്, കമ്പ്യൂട്ടർ അറ്റകുറ്റപ്പണി ഷോപ്, മെയിന്റനൻസ് ഔട്ട്ലെറ്റുകൾ എന്നിവിടങ്ങളിലെ ജോലികൾ സ്വദേശിവത്കരിക്കും. കല്യാണമണ്ഡപം, ഹാൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ബുക്കിംഗ് ഓഫീസുകൾ, സൂപ്പർവൈസറി ജോലികൾ എന്നിവ സ്വദേശിവത്കരിക്കും.
പാസഞ്ചർ കപ്പലുകളുടെ പ്രവർത്തനവും പരിപാലനവും 50 ശതമാനം സ്വദേശിവത്കരിക്കും. മറൈൻ എഞ്ചിനീയർ, കപ്പൽ സുരക്ഷാ ടെക്നീഷ്യൻ, നാവികൻ, അക്കൗണ്ട് മാനേജർ, കപ്പൽ ട്രാഫിക് കൺട്രോളർ, പോർട്ട് കൺട്രോളർ, നാവിഗേറ്റർ, മറൈൻ ഒബ്സർവർ തുടങ്ങിയ ജോലികളും ഇതിൽ ഉൾപ്പെടുന്നു. ഷിപ്പ് സ്റ്റുവാർഡ്, ടിക്കറ്റ് ക്ലാർക്ക്, അക്കൗണ്ട് ക്ലർക്ക്, അക്കൗണ്ട്സ് അസിസ്റ്റന്റ്, ഫിനാൻഷ്യൽ ക്ലാർക്ക്, അക്കൗണ്ട്സ് ആൻഡ് ബജറ്റ് മാനേജർ, ഫിനാൻഷ്യൽ അനലിസ്റ്റ്, നാവികൻ, ഓർഡിനറി നാവികൻ എന്നിവയും സ്വദേശിവത്കരിക്കും.