കെയ്റോ: നെറ്റ്ഫ്ലിക്സ്, ഡിസ്നി പ്ലസ് തുടങ്ങിയ ഓൺലൈൻ സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളോട് സാമൂഹിക മൂല്യങ്ങൾ പാലിക്കണമെന്ന് ഈജിപ്ത്. രാജ്യത്തിന്റെ സാമൂഹിക മൂല്യങ്ങൾ പാലിക്കാൻ രാജ്യത്തെ മീഡിയ റെഗുലേറ്ററി അതോറിറ്റിയാണ് ഒടിടി പ്ലാറ്റ്ഫോമുകളോട് ആവശ്യപ്പെട്ടത്. ഗൾഫ് രാജ്യങ്ങൾ ഇതേ ആവശ്യം ഉന്നയിച്ചതിന് പിന്നാലെയാണ് ഈജിപ്തും സമാനമായ ആവശ്യം ഉന്നയിച്ചത്.
നെറ്റ്ഫ്ലിക്സ്, ഡിസ്നി പ്ലസ് തുടങ്ങിയ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾക്കായി റെഗുലേറ്ററി, സെൻസർഷിപ്പ് നിയമങ്ങൾ രൂപീകരിക്കും. ഇതനുസരിച്ച്, രാജ്യത്തിന്റെ പെരുമാറ്റച്ചട്ടവും സാമൂഹിക മൂല്യങ്ങളും പാലിക്കാൻ അവർ പ്രതിജ്ഞാബദ്ധരായിരിക്കും, ഈജിപ്തിലെ സുപ്രീം കൗൺസിൽ ഫോർ മീഡിയ റെഗുലേഷൻ പ്രസ്താവനയിൽ പറഞ്ഞു.
അനിസ്ലാമിക് ഉള്ളടക്കം പ്രക്ഷേപണം ചെയ്തതിന് നെറ്റ്ഫ്ലിക്സിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സൗദി അറേബ്യയിലെ മീഡിയ റെഗുലേറ്ററി അതോറിറ്റിയും ആറംഗ ഗൾഫ് സഹകരണ കൗൺസിലും (ജിസിസി) കഴിഞ്ഞ ദിവസം ഭീഷണി മുഴക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഈജിപ്തും സമാനമായ നീക്കവുമായി രംഗത്തെത്തിയത്.