
കൽപ്പറ്റ: തർക്കങ്ങൾക്കും അനിശ്ചിതത്വത്തിനുമൊടുവിൽ വയനാട്ടിൽ ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജഷീർ പള്ളി വയലിന് സീറ്റില്ല. മീനങ്ങാടിയിൽ പരിഗണിച്ചിരുന്നെങ്കിലും ജഷീർ വഴങ്ങിയിരുന്നില്ല. കേണിച്ചിറയിൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻറ് അമൽജോയ് ആണ് സ്ഥാനാർഥി. കഴിഞ്ഞ ദിവസം സീറ്റ് നിഷേധത്തില്‍ പരസ്യപ്രതിഷേധവുമായി ജഷീർ പള്ളിവയല്‍ രംഗത്തെത്തിയിരുന്നു. പാര്‍ട്ടിയുടെ അടിത്തട്ടില്‍ ഇറങ്ങി പണിയെടുക്കരുതെന്നും പണിയെടുത്താല്‍ മുന്നണിയില്‍ ഉള്ളവരും കൂടെയുള്ളവരും ശത്രുക്കള്‍ ആവുമെന്നും ജഷീർ പള്ളിവയല്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. ജഷീറുമായി കഴിഞ്ഞ ദിവസവും ഡിസിസി നേതൃത്വം ചർച്ച നടത്തിയിരുന്നു. എന്നാൽ വിവിധ തർക്കങ്ങളെ തുടർന്ന് നീണ്ടുപോയ കോണ്‍ഗ്രസ് ജില്ല പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കുകയായിരുന്നു. കെഎസ്യു ജില്ലാ പ്രസിഡൻറ് ഗൗതം ആണ് മീനങ്ങാടി ഡിവിഷനിൽ സ്ഥാനാർത്ഥി.


