ലക്ഷങ്ങളുടെ ജീവൻ കവർന്നെടുത്ത കോവിഡ് 19 വ്യാപനം ഒന്ന് ശമിച്ചുവെന്നു കരുതിയിരിക്കുമ്പോളാണ് മാരകമായ ജനതികമാറ്റം സംഭവിച്ച വൈറസിന്റെ (ഡെൽറ്റ വേരിയന്റ്) വ്യാപനത്തിന് മുൻപിൽ വീണ്ടും ലോകജനത പകച്ചു നില്കുന്നത്. ആശുപത്രികളിൽ രോഗികളുടെ എണ്ണം വർധിച്ചു വരുന്നു . പകൽ മുഴുവൻ കോവിഡ് രോഗികളെ പരിചരിച്ചു വൈകീട്ടാണ് വീട്ടിൽ എത്തിയത് . ശരീരത്തിന് നല്ല ക്ഷീണമുണ്ട്. പനിയുടെ ലക്ഷണങ്ങളും കാണുന്നു . ഒരാഴ്ച മുൻപ് ആയുസിന്റെ മധ്യത്തിൽ ആകസ്മികമായി മരണം തട്ടിയെടുത്ത കുടുംബാംഗത്തെ കുറിച്ചുള്ള ഓര്മ ശരീരത്തെയും മനസിനെയും അല്പമല്ലാതെ തളർത്തിയിരിക്കുന്നു . റൂമിൽ കയറി ബെഡിൽ കിടന്നതേ ഓര്മയുള്ളൂ.
ഐ സി യുവിൽ അഡ്മിറ്റായി രണ്ടു ദിവസം പിന്നിട്ടു .ആരോഗ്യസ്ഥിതി അതീവഗുരുതരമായ തുടരുകയാണ്.ഡോക്ടർമാരുടെ അനുമതി ലഭിച്ചിരുന്നതിനാൽ എന്നെ അവസാനമായി കാണുന്നതിന് ബെഡിനുചുറ്റും കുടുംബാംഗങ്ങൾ കൂട്ടം കൂടിനിൽക്കുന്നു.അതിനിടയിൽ ആരോ ആശ്വാസഗീതങ്ങൾ പാടുന്നതും കണ്ണുനീരോടെ പ്രാർത്ഥിക്കുന്നതും കേൾക്കാം . മാംസപേശികൾ വലിഞ്ഞു മുറുകുകയാണ് വെന്റിലേറ്ററിലാണെങ്കിലും ശ്വാസം അകത്തേക്കും പുറത്തേക്കും വിടുന്നത് വലിയ ശബ്ദത്തോടെയാണ് .കണ്ണുകൾ തുറക്കാൻ ആവുംവിധം ശ്രമി ക്കുന്നുടെങ്കിലും കഴിയുന്നില്ല .
എവിടെനിന്നാണെന്നു അറിയില്ല ഒരു വെളുത്ത രൂപം കിടകക്കരികിൽ പ്രത്യക്ഷപെട്ടു .എന്തോ പറയാൻ ശ്രമിക്കുന്നുടെങ്കിലും ഒന്നും വ്യക്തമല്ല . വെളുത്ത രൂപത്തിന് ചുറ്റും അതേ രൂപത്തിലുള്ള പലരും പെട്ടന്നു വന്നു ചേർന്നു . ഒടുവിൽ ഒരു അലക്കുകാരന് പോലും അലക്കി വെളുപ്പിക്കാൻ കഴിയാത്ത രീതിയിൽ തൂവെള്ളവസ്ത്രം ധരിച്ച ഒരാൾ ഇവരുടെ ഇടയിൽ നിന്നും എഴുനേറ്റു എന്റെ മുഖത്തിനു നേരെ സൂക്ഷിച്ചു നോക്കി. .അതോടെ ശ്വാസോസ്ച്വസം പൂർണമായും നിലച്ചു .ശരീരത്തിൽ നിന്നും എന്തോ വിട്ടുപോയപ്രതീതി. .
കുടുംബാംഗങ്ങൾ ആരും തന്നെ ഇപ്പോൾ എനിക്കുചുറ്റും ഇല്ല . എല്ലാവരെയും പുറത്തു നിർത്തിയിരിക്കയാണ് . ആശുപത്രി ജീവനക്കാർ എന്റെ ജീവൻ നിലനിർത്തിയിരുന്ന എല്ലാ ഉപകരണങ്ങളും നീക്കം ചെയ്യുന്ന തിരക്കിലാണ് . ബെഡിനോട് ചേർത്ത് ബന്ധിച്ചിരുന്ന എന്റെ കൈകൾ അവർ സ്വതന്ത്രമാക്കി . ഇതിനിടയിൽ വെളുത്തവസ്ത്രം ധരിച്ചയാൾ എന്റ്റെ രണ്ടു കൈകളിലും ബലമായി പിടിച്ചിട്ടുണ്ട് . ഐ സി യു ബെഡിൽ കിടന്നിരുന്ന എന്റെ ശരീരത്തിലെ ചൂട് ക്രമേണെ നഷ്ട്ടപെട്ടുതുടങ്ങിയിരിക്കുന്നു .പിന്നീട് ഞാനതിവേഗം സഞ്ചരിക്കുകയാണെന്നു മനസിലായി .സഞ്ചാരപാതയിൽ വെള്ളിമേഘങ്ങളും ,ചിലപ്പോൾ കാർമേഘപടലങ്ങളും എന്നെ തഴുകുന്നത് ശരിക്കും മനസിലാക്കാൻ കഴിഞ്ഞു.
എത്ര ദൂരം സഞ്ചരിച്ചുവെന്നറിയില്ല. ഇവിടെ കയറി വരിക.എന്ന ഇമ്പമേറിയ ഒരു സ്വരം എന്റെ കാതുകളിൽ മുഴങ്ങി .എന്റെ മുൻപിൽ ഞാൻ ലോകത്തിൽ ആയിരുന്നപ്പോൾ ആരിൽ വിശ്വാസവും പ്രതീക്ഷയും അർപ്പിച്ചിരുന്നുവോ ആ ക്രിസ്തുനാഥന്റെ മനോഹര രൂപം. ആ അരുമനാഥൻ എന്നെ ആനയിച്ചത് അവിടെ പണിതീർത്ത അതിമനോഹരമായ ഒരു സൗധത്തിലേക്കാണ് .അവിടെ ഞാൻ കണ്ടത് കണ്ണുകൾക്കു പോലും അവിശ്വസനീയമായ ഒന്നായിരുന്നു .ഞാൻ എറ്റവും കൂടുതൽ സ്നേഹിച്ച ,എന്നെ ഞാനാക്കി വളർത്തിയ ,വര്ഷങ്ങള്ക്കു മുന്നേ എന്നെ വിട്ടുപോയ സ്നേഹനിധിയായ അമ്മ! മോനെ എന്നുവിളിച്ചു ആശ്ലേഷിക്കുവാൻ അടുത്തപ്പോൾ , “എന്റെ പൊന്നു മോനെ” എന്ന മറ്റൊരു ശബ്ദം.സ്വരം പരിചിതമല്ലെങ്കിലും ‘അമ്മ പറഞ്ഞത് എന്നെ വല്ലാതെ ആശ്ചര്യഭരിതനാക്കി ” അത് നിൻറെ പിതാവാണ്”ഞാൻ ജനിച്ചതിനു ശേഷം രണ്ടു വർഷംപോലും എന്നെ മാറോടു ചേർത്തി പിടിച്ചു വാത്സല്യം പകരുവാൻ കഴിയാതെ എന്നിൽനിന്നും വിധി തട്ടിയെടുത്ത എന്റെ വാത്സല്യ പിതാവ് .മതിവരുവോളം ഇരുവരെയും നോക്കിനിന്നശേഷം മാതാവിന്റെയും പിതാവിന്റെയും കൈകൾ ഒരു കൊച്ചു കുട്ടിയെപ്പോലെ ഞാൻ ചേർത്തുപിടിച്ചു.
വിശാലമായ, നോക്കിയാൽ കണ്ണെത്താത്ത സ്പടിക തുല്യം മനോഹരമായി അണിയിച്ചൊരുക്കിയ കെട്ടിടങ്ങൾ നിറഞ്ഞു നിൽക്കുന്ന സ്ഥലത്തേക്കാണ് പിന്നീട് ഞാൻ എത്തപ്പെട്ടത് .അവിടവിടെയായി കൂട്ടം കൂടി നിന്നിരുന്നവരിൽ ഒരു കൂട്ടത്തിനരികിലേക്കു ഞാൻ സാവകാശം നടന്നടുത്തു .അവിടെ കണ്ട കാഴ്ച തീർത്തും അവിശ്വസനീയമായിരുന്നു .ഭൂമിയിൽ ഞാൻ ആരെയൊക്കെ സ്നേഹിച്ചിരുന്നുവോ ,ബഹുമാനിച്ചിരുന്നുവോ അവരെല്ലാവരും അവിടെയുണ്ട് . സന്തോഷാതിരേകത്താൽ എന്റെ കണ്ണിൽ നിന്നും ജലകണങ്ങൾ ധാരധാരയായി കവിളിനിരവശത്തുകൂടെ ഒഴുകിയത് ആരോ ഒരാൾ തുടച്ചുമാറ്റി .
ഇതിനിടയിൽ മുകളിൽനിന്നും താഴേക്കു നോക്കിയപ്പോൾ അധികം ദൂരത്തല്ലാതെ ആളിക്കത്തുന്ന അഗ്നിയിൽ കിടന്നു നിലവിളിക്കുന്ന ചില പരിചിത മുഖങ്ങളും എന്റെ ദൃഷ്ടിയിൽ പതിഞ്ഞു.അവിടെ അനുഭവിക്കുന്ന യാതനകളിൽ നിന്നുള്ള മോചനത്തിനായി അവർ നിലവിളികുന്നതും കേൾക്കാമായിരുന്നു .
അല്പംകൂടെ താഴേക്കു നോക്കിയപ്പോൾ ഞാൻ വിട്ടേച്ചുപോന്ന എന്റെ ശരീരം കുടുംബാംഗളുടെയും ചുരുക്കം ചിലരുടെയും സാനിധ്യത്തിൽ പള്ളിയുടെ മദ്ബഹായുടെ മുൻപിൽ യാത്രയയപ്പു ശുശ്രുഷക്കായി പുഷ്പാലംകൃതമായി വെച്ചിരിക്കുന്നു.കൊറോണാകാലമായതിനാൽ ഗായകസംഘ അംഗങ്ങൾ ആരും ഇല്ല. ജീവിച്ചിരിക്കുമ്പോൾ തന്നെ തത്സമയ സംപ്രേക്ഷണമോ ഫോട്ടോഗ്രഫിയോ ഒന്നും വേണ്ട എന്ന് പറഞ്ഞിരുന്നതിനാൽ അന്തിമാഭിവാദ്യം അർപ്പിക്കാൻ എത്തിയവരുടെ സംഖ്യയും അംഗുലീ പരിമിതമായിരുന്നു. സംസ്കാര ശുശ്രുഷകൾക്കുശേഷം കുറച്ചകലെ നേരത്തെ പണി കഴിപ്പിച്ചിരുന്ന കല്ലറയിൽ ശരീരം അടക്കം ചെയ്യുന്നതിനുള്ള ശുശ്രുഷകൾ അവസാന ഘട്ടത്തിലേക്കു പ്രവേശിച്ചു .
ഞാൻ എന്നും ഇഷ്ടപ്പെട്ടിരുന്ന കേൾക്കുവാൻ കാതോർത്തിരുന്ന “സഹോദരന്മാരെ പാതാളവഴിയായി കടന്നു പോകുമ്പോൾ തുറക്കപ്പെട്ടിരിക്കുന്ന കല്ലറകളെ ഞാൻ കണ്ടു ” എന്നു തുടങ്ങുന്ന ഹൃദയ സ്പർശിയായ സമാപന പ്രാർത്ഥനക്കുശേഷം ഓരോരുത്തരായി ഒരുപിടി മണ്ണും കൈകളിൽ സൂക്ഷിച്ചിരുന്ന പൂക്കളും എന്റെ ശവ മഞ്ചത്തിന് മുകളിലേക്കു വിതറി. കല്ലറ പൂർണമായും മൂടികഴിഞ്ഞപ്പോൾ എല്ലാവരും പിരിഞ്ഞു പോയി .
ഞാൻ ഇമവെട്ടാതെ താഴേക്കു നോക്കിനില്കുന്നതിനിടയിൽ ആരോ എന്റെ പുറത്തു തലോടി ആശ്വസിപ്പിക്കുന്നു. “ഭയപ്പെടേണ്ട അന്ത്യ കാഹള നാദത്തിൽ ഈ ശരീരം ഉയർത്തെഴുനേൽക്കും. ഒരു പുതിയ ശരീരത്തോടെ യുഗായുഗം ഇവിടെ വാഴും.”
പെട്ടന്ന് കതകു തുറക്കുന്ന ശബ്ദം കേട്ടു ഞാൻ ഞെട്ടിയുണർന്നു. “നേരം എത്രയായി എഴുനെല്കുന്നില്ലെ”. സ്ഥലകാല ബോധം വീണ്ടെടുക്കുന്നത് അപ്പോളായിരുന്നു. ഇതുവരെ ഞാൻ എവിടെയായിരുന്നു ?പ്രഭാത ക്രത്യങ്ങൾക്കായി കിടക്കയിൽ നിന്ന് എഴുനെല്കുമ്പോൾ എന്നെ ഭരിച്ച ചിന്ത രാത്രിയിലേതു ഒരു സ്വപ്നമോ അതോ യാഥാർത്യമോ?എന്നതായിരുന്നു .