ജെയിംസ് കാമറൂണിന്റെ ബ്രഹ്മാണ്ഡ ചിത്രമായ അവതാറിന് ശേഷം അവതാർ 2വിനായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. അവതാര പരമ്പര തുടരുമെന്ന പ്രതീക്ഷകൾക്കിടയിൽ ജെയിംസ് കാമറൂൺ തന്റെ ആരാധകർക്കായി ഏറ്റവും പുതിയ വാർത്തകൾ പങ്കുവച്ചു.
ഡി എക്സ്പോ 2022ല്‍ നടന്ന ചടങ്ങില്‍ അവതാറിന്റെ നാലാം ഭാഗമുണ്ടാകുമെന്ന് ജെയിംസ് കാമറൂണ്‍ അറിയിച്ചു. നാലാം ഭാഗത്തിന്റെ നിര്‍മാണവും ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. അവതാര്‍ രണ്ടാം ഭാഗത്തിന്റെ അവസാന ഘട്ട നിർമാണത്തിലാണെന്നും ചിത്രം ബിഗ് സ്ക്രീനിലെത്തുന്നതില്‍ വളരെ ആകാംക്ഷയുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.
രണ്ടാംഭാഗമായ അവതാര്‍: ദ വേ ഓഫ് വാട്ടര്‍ എന്നതിലെ നിരവധി രംഗങ്ങള്‍ ഉള്‍പ്പെടുത്തി ത്രീഡിയില്‍ പ്രേക്ഷകര്‍ക്കായി പ്രദര്‍ശിപ്പിക്കുകയും ചെയ്തു. രണ്ടാം ഭാഗം ഡിസംബര്‍ 16ഓടെ തീയറ്ററുകളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ രണ്ടും മൂന്നും സീരിസുകള്‍ ഒരുമിച്ച് ചിത്രീകരിക്കുന്നതിനാല്‍ നാലാം ഭാഗമാണ് ഇനി അണിയറയില്‍ ഒരുങ്ങുന്നത്.