കാബൂൾ: അഫ്ഗാനിസ്ഥാനിലെ പ്രശസ്ത ഹാസ്യതാരത്തെ കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ഹാസ്യനടന് ഖാഷാ ഷ്വാൻ താലിബാന് തീവ്രവാദികളാൽ കൊല്ലപ്പെട്ടതായാണ് വാര്‍ത്തകള്‍. ഖാഷയെ തോക്കുധാരികള്‍ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
ഖാഷാ സ്വാൻ എന്നറിയപ്പെടുന്ന നസർ മുഹമ്മദിനെ വ്യാഴാഴ്ച രാത്രി വീട്ടിൽ നിന്ന് പുറത്തെത്തിച്ച് കൊലപ്പെടുത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മുമ്പ് കാന്തഹാർ പോലീസിൽ സേവനമനുഷ്ഠിച്ചിരുന്ന ഹാസ്യനടന്റെ കുടുംബം ആക്രമണത്തിൽ താലിബാന് പങ്കുണ്ടെന്ന് ആരോപിച്ചു. എന്നാല്‍ താലിബാന് ഇക്കാര്യം നിഷേധിക്കുകയാണ്. സുരക്ഷാ സേനയ്ക്കും സാധാരണക്കാർക്കുമെതിരെ താലിബാൻ നടത്തുന്ന ആക്രമണത്തിനിടയിലാണ് ഈ സംഭവം.
അഫ്ഗാനിസ്ഥാനിലെ 419 ജില്ലാ കേന്ദ്രങ്ങളിൽ പകുതിയോളവും ഇപ്പോൾ താലിബാന്റെ നിയന്ത്രത്തിലാണ്. രാജ്യത്തെ 34 പ്രവിശ്യാ തലസ്ഥാനങ്ങളിലൊന്നും ഇതുവരെ പിടിച്ചെടുക്കാനായിട്ടില്ലെന്ന് ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് ചെയർമാൻ ജനറൽ മാർക്ക് മില്ലെ പറഞ്ഞു. താലിബാൻ കൂടുതൽ പ്രദേശങ്ങൾ പിടിച്ചെടുക്കുമ്പോൾ അഫ്ഗാൻ സുരക്ഷാ സേന കാബൂൾ ഉൾപ്പെടെയുള്ള പ്രധാന ജനവാസ കേന്ദ്രങ്ങളെ സംരക്ഷിക്കുന്നതിനായി തങ്ങളുടെ നിലപാടുകൾ ഏകീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.