ദില്ലി: അഫ്ഗാൻ വിഷയത്തിൽ ഇന്ത്യയുടെ നിലപാട് പ്രധാനമന്ത്രി ഇന്ന് പ്രഖ്യാപിക്കും.നിലവിൽ ഇന്ത്യയുടെ മുന്നിലെ പ്രധാന പ്രശ്നം ഹഖാനി നേതാവായ സിറാജ്ജുദ്ദീൻ ഹഖാനിയാണ് താലിബാൻ സർക്കാരിൽ ആഭ്യന്തരമന്ത്രി എന്നതാണ്. 2008-ൽ കാബൂളിലെ ഇന്ത്യൻ എംബസിക്ക് നേരെ ഭീകരാക്രമണം നടത്തിയത് ഹഖാനി ഗ്രൂപ്പാണ്. അങ്ങനെയൊരു സംഘടന നിർണായകമായ സർക്കാരിനെ എങ്ങനെ അംഗീകരിക്കും എന്നതാണ് ഇന്ത്യ നേരിടുന്ന ചോദ്യം.
അഫ്ഗാനിലെ സാഹചര്യങ്ങൾ എങ്ങനെ രൂപപ്പെടുന്നുവെന്ന് കാത്തിരുന്നറിഞ്ഞ ശേഷം നിലപാട് പ്രഖ്യാപിക്കും എന്നായിരുന്നു ഇതുവരെയുള്ള ഇന്ത്യയുടെ നിലപാട്. എന്തായാലും ഇക്കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ ഇന്ന് നിലപാട് വ്യക്തമാക്കും എന്നാണ് സൂചന. ഇന്ത്യ, ചൈന, റഷ്യ, ബ്രസീൽ എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയായ ബ്രിക്സ് ഉച്ചകോടിയിൽ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിക്കുന്നുണ്ട്.
അഫ്ഗാനിൽ നിർണായക ഇടപെടൽ നടത്തുന്ന ചൈനയുടേയും റഷ്യയുടേയും സാന്നിധ്യത്തിൽ പുതിയ അഫ്ഗാൻ സർക്കാരിനോടുള്ള തങ്ങളുടെ നിലപാട് ഇന്ത്യ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പാക് കേന്ദ്രീകൃത ഭീകരസംഘടനകള് ഭരണത്തിൽ ഇടപെടുന്നതിനെതിരെ മോദി മുന്നറിയിപ്പ് നൽകാനാണ് സാധ്യത.
അതേസമയം താലിബാൻ സർക്കാർ നിയമവിരുദ്ധമാണെന്ന് ഇന്ത്യയിലെ അഫ്ഗാൻ എംബസി പ്രസ്താവനയിലൂടെ അറിയിച്ചു. അഫ്ഗാനിസ്ഥാനിലെ ഭൂരിപക്ഷത്തിനെതിരാണ് സർക്കാർ പ്രഖ്യാപനമെന്നും എംബസിയുടെ പ്രസ്താവനയിൽ പറയുന്നു. അഫ്ഗാൻ വിദേശകാര്യമന്ത്രാലയത്തിൻറെ പേരിലാണ് എംബസി പ്രസ്താവന പുറത്തിറക്കിയിരിക്കുന്നത്.
സ്ത്രീപ്രാതിനിധ്യമില്ലാത്ത താലിബാൻ സർക്കാരിനെതിരെ പ്രതിഷേധവുമായി അഫ്ഗാനിലെ സ്ത്രീകൾ ഇന്നലെയും നിരത്തിലിറങ്ങിയിട്ടുണ്ട്. സ്ത്രീകളില്ലാത്ത മന്ത്രിസഭ അംഗീകരിക്കില്ലെന്നാണ് പ്രഖ്യാപനം. നിരവധി സ്ത്രീകൾക്ക് പ്രതിഷേധത്തിനിടെ മർദ്ദനമേറ്റു. പ്രകടനം പകർത്താനെത്തിയ മാധ്യമപ്രവർത്തകരെ താലിബാൻ തടഞ്ഞുവയ്ക്കുകയും മർദ്ദിക്കുകയും ചെയ്തു എന്നും പ്രാദേശിക മാധ്യമം റിപ്പോർട്ടുചെയ്തു.