കാബൂൾ: താലിബാൻ സർക്കാരിനെ മുസ്ലീം രാജ്യങ്ങൾ അംഗീകരിക്കണമെന്ന അഭ്യർത്ഥനയുമായി അഫ്ഗാൻ ആക്ടിംഗ് പ്രധാനമന്ത്രി. യുഎസ് ഉൾപ്പെടെയുളള രാജ്യങ്ങൾ സഹായം നിർത്തിയതും ഉപരോധമേർപ്പെടുത്തിയതും അഫ്ഗാനെ സാമ്പത്തിക ഞെരുക്കത്തിലാക്കിയെന്നും ലോകരാജ്യങ്ങൾ സഹായിക്കണമെന്നും മുല്ല ഹസൻ അഖുന്ദ് അഭ്യർത്ഥിച്ചു. കാബൂളിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ആക്ടിങ് പ്രധാനമന്ത്രി സർക്കാർ നേരിടുന്ന ദുരവസ്ഥ വിവരിച്ചത്.
താലിബാൻ സർക്കാർ അധികാരമേറ്റശേഷം ഇതാദ്യമായിട്ടാണ് ഇത്ര വിപുലമായ വാർത്താസമ്മേളനം കാബൂളിൽ സർക്കാർ സംഘടിപ്പിക്കുന്നത്. എല്ലാ സർക്കാരുകളോടും പ്രത്യേകിച്ച് ഇസ്ലാമിക രാജ്യങ്ങളോട് അഫ്ഗാൻ സർക്കാരിനെ അംഗീകരിക്കണമെന്ന് അഭ്യർത്ഥിക്കുകയാണെന്ന് മുല്ല ഹസൻ അഖുന്ദ് പറഞ്ഞു.
യുഎസ് ഉൾപ്പെടെയുളള രാജ്യങ്ങൾ അഫ്ഗാന്റെ വികസന ഫണ്ടുകൾ പോലും തടഞ്ഞുവെച്ചിരിക്കുകയാണ്. അഫ്ഗാന്റെ ബാങ്കിംഗ് ആസ്തികളും മരവിപ്പിക്കപ്പെട്ടിരിക്കുന്നു. അഫ്ഗാൻ നിലവിൽ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് കാരണം ഇതാണെന്നും യുഎൻ പ്രതിനിധികൾക്ക് ഒപ്പം നടത്തിയ വാർത്താസമ്മേളനത്തിൽ മുല്ല ഹസൻ അഖുന്ദ് പറഞ്ഞു.
ഹ്രസ്വകാല സഹായങ്ങൾ പ്രതിസന്ധി പരിഹരിക്കാൻ സഹായകമാകില്ല. അടിത്തറയിൽ നിന്നുതന്നെ പ്രശ്നങ്ങൾ പരിഹരിക്കാനാണ് താലിബാൻ ശ്രമിക്കുന്നതെന്നും ആക്ടിങ് പ്രധാനമന്ത്രി പറഞ്ഞു. അഫ്ഗാനുളള മാനുഷീക സഹായങ്ങളുടെ വിതരണം പല രാജ്യങ്ങളും പുനസ്ഥാപിച്ചിരുന്നു. എന്നാൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് അഫ്ഗാൻ ജനത കൊടിയ ദാരിദ്ര്യത്തിലാണെന്നാണ് വിവരം.
ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാൻ എന്ന് താലിബാൻ ഔദ്യോഗികമായി വിശേഷിപ്പിക്കുന്ന പുതിയ സർക്കാരിനെ ഒരു രാജ്യവും ഇതുവരെ അംഗീകരിച്ചിട്ടില്ല. തീവ്ര യാഥാസ്ഥിതിക സംഘം ഇത്തവണ എങ്ങനെ രാജ്യം ഭരിക്കും എന്ന് വിദേശ സർക്കാരുകൾ ഉറ്റുനോക്കുന്നു.
