
റിയാദ്: സൗദി അറേബ്യ ആതിഥേയത്വം വഹിക്കുന്ന ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ (എ.എഫ്.സി) അണ്ടർ 23 ഏഷ്യൻ കപ്പ് കിക്കോഫിന് ഇനി എട്ട് ദിവസം. ജനുവരി ആറ് മുതൽ 25 വരെയാണ് ഏഴാം പതിപ്പ് നടക്കുക. ഇതിനായി റിയാദിലും ജിദ്ദയിലും അന്തിമഘട്ട ഒരുക്കം പുരോഗമിക്കുകയാണ്. ഏഷ്യയിലെ 16 ദേശീയ ടീമുകൾ പങ്കെടുക്കും. ആദ്യമായാണ് പ്രധാനപ്പെട്ട ഈ ടൂർണമെൻറിന് സൗദി ആതിഥേയത്വം വഹിക്കുന്നത്.
ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷന്റെ www.the-afc.com എന്ന ഔദ്യോഗിക വെബ്സൈറ്റിലൂടെ ടിക്കറ്റുകൾ ലഭിക്കും. റിയാദിലെ അമീർ ഫൈസൽ ബിൻ ഫഹദ് സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിലും അൽഷബാബ് ക്ലബ് സ്റ്റേഡിയത്തിലുമായി 12 ഗ്രൂപ്പ്-സ്റ്റേജ് മത്സരങ്ങൾ നടക്കും. ജിദ്ദയിലെ അമീർ അബ്ദുല്ല അൽഫൈസൽ സ്പോർട്സ് സിറ്റിയിൽ ഉദ്ഘാടന മത്സരവും ഫൈനലും ഉൾപ്പെടെ 10 മത്സരങ്ങൾ നടക്കും. കിങ് അബ്ദുല്ല സ്പോർട്സ് സിറ്റിയിലെ ഓക്സിലറി സ്റ്റേഡിയത്തിൽ രണ്ട് സെമിഫൈനലുകളും മൂന്നാം സ്ഥാനക്കാർക്കുള്ള പ്ലേഓഫും ഉൾപ്പെടെ 10 മത്സരങ്ങൾ നടക്കും. 2027-ൽ സൗദിയിൽ നടക്കാനിരിക്കുന്ന എ.എഫ്.സി ഏഷ്യൻ കപ്പിന് ആതിഥേയത്വം വഹിക്കാനുള്ള തയ്യാറെടുപ്പിലെ പ്രധാന നാഴികക്കല്ലാണ് ടൂർണമെന്റ്.


