അബുദാബി: ഈജിപ്തിൽ ലുലു ഗ്രൂപ്പ് നടപ്പാക്കുന്ന വൻ പദ്ധതികൾക്ക് ഒരു ബില്യൺ യുഎസ് ഡോളർ (7,500 കോടി രൂപ) നിക്ഷേപിക്കാൻ അബുദാബി സർക്കാർ. അബുദാബി സർക്കാർ ഉടമസ്ഥതയിലുള്ളതും രാജകുടുംബാംഗമായ ഷെയ്ഖ് തമൻ ബിൻ സായിദ് അൽ നഹ്യാൻ ചെയർമാനുമായ അബുദാബി കമ്പനിയാണ് (എ.ഡി.ക്യു) വീണ്ടും ലുലു ഗ്രൂപ്പിൽ മുതൽ മുടക്കുന്നത്. ഈജിപ്തിലെ വിവിധ നഗരങ്ങളിൽ ഹൈപ്പർമാർക്കറ്റുകൾ, മിനി മാർക്കറ്റുകൾ എന്നിവയ്ക്കുവേണ്ടിയാണ് പുതിയ നിക്ഷേപം ഉപയോഗിക്കുക. മിഡിൽ ഈസ്റ്റിലേയും ഉത്തരാഫ്രിക്കയിലെയും ഏറ്റവും വലിയ വിപണിയായ ഈജിപ്തിലെ പ്രവർത്തനം കൂടുതൽ വിപുലമാക്കുന്നതിനായാണ് ലുലുവിൻ റെ ഈജീപ്പ് കമ്പനിയിൽ അബുദാബി സർക്കാർ ഒരു ബില്യൺ യുഎസ് ഡോളർ നിക്ഷേപിച്ചിരിക്കുന്നത്.
ഇതു സംബന്ധിച്ച കരാറിൽ അബുദാബി കമ്പനി ചീഫ് എക്സികുട്ടീവ് ഓഫീസർ മുഹമ്മദ് ഹസ്സൻ അൽ സുവൈദിയും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയും തമ്മിൽ ഒപ്പ് വെച്ചു. കരാറിലെ വ്യവസ്ഥകൾ പ്രകാരം, ഈജിപ്തിലെ ചില്ലറ വ്യാപാരികളുടെ ഇ-കൊമേഴ്സ് ബിസിനസ്സ് ശക്തിപ്പെടുത്തുന്നതിനായി 30 ഹൈപ്പർമാർക്കറ്റുകളും 100 എക്സ്പ്രസ് മിനിമാർക്കറ്റ് സ്റ്റോറുകളും അത്യാധുനിക ലോജിസ്റ്റിക് ഹബുകളും ഡിസ്ട്രിബൂഷൻ ആൻഡ് ഫുൾഫിൽമെൻറ് കേന്ദ്രങ്ങളും വരെ വികസിപ്പിക്കുന്നതിന് പുതിയ നിക്ഷേപം ഉപയോഗിക്കും.
ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക
മൂന്ന് മുതൽ അഞ്ച് വർഷത്തിനുള്ളിൽ പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്ന പുതിയ മാർക്കറ്റുകൾ പ്രവർത്തന സജ്ജമാകുന്നതോടു കൂടി മലയാളികളുൾപ്പെടെ 12,000 ലധികം ആളുകൾക്ക് ഈജിപ്തിൽ തൊഴിൽ ലഭ്യമാകും. ഇത് രണ്ടാമത്തെ തവണയാണ് ലുലു ഗ്രൂപ്പിൽ അബുദാബി സർക്കാർ മൂലധനം നിക്ഷേപിക്കുന്നത്. കഴിഞ്ഞ മാസം 8,200 കോടി രൂപ ഇന്ത്യയും ഖത്തവും ഒഴികെയുള്ള രാജ്യങ്ങളിലെ പ്രവർത്തനത്തിനായി മുതൽ മുടക്കിയിരുന്നു. ലുലു ഗ്രൂപ്പിനോടുള്ള വിശ്വാസമാണ് തുടർച്ചയായ നിക്ഷേപം സൂചിപ്പിക്കുന്നതെന്നും ഇതിന് അബുദാബി കിരീടാവകാശിയോടും രാജകുടുംബാംഗങ്ങളോടും നന്ദി പറയുന്നുവെന്നും എം.എ. യൂസഫലി പറഞ്ഞു.