തിരുവനന്തപുരം:ശംഖുംമുഖത്തെ ആഭ്യന്തര വിമാനത്താവള ടെർമിനൽ പൊളിച്ച് അത്യാധുനിക സൗകര്യങ്ങളോടെ പുതിയ ടെർമിനൽ നിർമ്മിക്കാൻ പദ്ധതി തയ്യാറാക്കി അദാനി ഗ്രൂപ്പ്. 2070 വരെയുള്ള യാത്രക്കാരുടെ ആവശ്യങ്ങൾ കണക്കിലെടുത്താണ് വിമാനത്താവളം പുതുക്കിപ്പണിയുക.ചാക്കയിലെ രാജ്യാന്തര ടെർമിനലിൽ അരലക്ഷം ചതുരശ്ര അടിയാക്കി വിസ്തൃതമാക്കും.ആഭ്യന്തര യാത്രക്കാർക്ക് പ്രത്യേക സോണുണ്ടാക്കാൻ വിമാനത്താവള അധികൃതർ ബ്യൂറോ ഒഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയുടെ അനുമതി തേടി.ആഭ്യന്തര ടെർമിനൽ അടുത്തവർഷം പൊളിക്കാനാണ് പദ്ധതി. ഈ സമയം ആഭ്യന്തര സർവീസുകൾ ചാക്കയിലെ അന്താരാഷ്ട്ര ടെർമിനലിൽ നിന്നായിരിക്കും.ഇക്കൊല്ലം 13ലക്ഷം ആഭ്യന്തര യാത്രക്കാരാണുണ്ടായിരുന്നത്.വിമാനത്താവളത്തിൽ നിത്യേന 15000 യാത്രക്കാരുണ്ട്.കൂടുതൽ സർവീസുകൾ തുടങ്ങുന്നു.ഈ സാഹചര്യത്തിലാണ് ടെർമിനൽ വികസനം നടപ്പാക്കുന്നത്.
അന്താരാഷ്ട്ര വിമാനത്താവളത്തിന് മുൻവശത്തായി പഞ്ചനക്ഷത്ര ഹോട്ടൽ നിർമ്മിക്കാനും പദ്ധതിയുണ്ട്. അന്താരാഷ്ട്ര ടെർമിനലിന് മുൻവശത്തെ പാർക്കിംഗ് – ടോയ്ലെറ്റ് ഏരിയയിലാണ് ബഹുനിലകളിലായി പഞ്ചനക്ഷത്ര ഹോട്ടൽ വരുന്നത്. പ്രധാന വിമാനത്താവളങ്ങളിലെല്ലാം ഇത്തരം എയർപോർട്ട് ഹോട്ടലുകളുണ്ട്. 240മുറികളുള്ള, 660പേർക്ക് ഭക്ഷണം കഴിക്കാൻ സൗകര്യമുള്ള ഹോട്ടലാണ് നിർമ്മിക്കുക. 628.70 ഏക്കർ ഭൂമിയിലാണ് വിമാനത്താവളം.സ്ഥലപരിമിതിയാണ് വിമാനത്താവള വികസനത്തിനുള്ള പ്രധാന തടസം.