ഇസ്രായേൽ: ഇസ്രായേലിലെ ഹൈഫ തുറമുഖം ഏറ്റെടുത്ത് അദാനി ഗ്രൂപ്പിൻ്റെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യം. 1.15 ബില്യൺ ഡോളർ മൂല്യമുള്ളതാണ് കരാർ. കഴിഞ്ഞ വർഷം ജൂലൈയിലാണ് ഇസ്രായേൽ തുറമുഖം വിൽക്കുമെന്ന് പ്രഖ്യാപിച്ചത്. ചരക്കുനീക്കം വേഗത്തിലാക്കുന്നതിനും ചെലവ് കുറയ്ക്കുന്നതിനുമായി ഇസ്രായേൽ തുറമുഖങ്ങൾ സ്വകാര്യ മേഖലയ്ക്ക് കൈമാറുകയും പുതിയവ നിർമ്മിക്കാനുമാണ് തീരുമാനം.
രാജ്യത്തെ ചരക്ക് ഗതാഗതത്തിന്റെ 99 ശതമാനവും കടൽ മാർഗമാണ് നടത്തുന്നത്. ചൈനീസ് കമ്പനിയായ ഷാങ്ഹായ് ഇന്റർനാഷണൽ പോർട്ട് ഗ്രൂപ്പ് കഴിഞ്ഞ വർഷം ഹൈഫ ഉൾക്കടലിൽ ഒരു തുറമുഖം ആരംഭിച്ചു. ഒരു പ്രാദേശിക വ്യാപാര കേന്ദ്രമെന്ന നിലയിൽ മേഖലയുടെ വളർച്ച അദാനി ഗ്രൂപ്പിനും ഗുണം ചെയ്യും. തുറമുഖത്തിന്റെ നടത്തിപ്പിനായി ഇസ്രായേലിലെ ഗഡോട്ട് ഗ്രൂപ്പുമായി അദാനി സഹകരിച്ചിട്ടുണ്ട്.
സംയുക്ത സംരംഭത്തിൽ അദാനിക്ക് 70 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. 2054 വരെ അദാനിക്കായിരിക്കും തുറമുഖത്തിന്റെ ചുമതല. അദാനി പോർട്ടിന്റെ ഓഹരികൾ ഇപ്പോൾ നേരിയ തോതിൽ ഇടിഞ്ഞ് 795 രൂപയിലാണ് വ്യാപാരം നടത്തുന്നത്.