
കൊച്ചി: നടൻമാരായ മുകേഷ്, ജയസൂര്യ, മണിയൻപിള്ള രാജു, ഇടവേള ബാബു, പ്രൊഡക്ഷൻ കൺട്രോളർ നോബിൾ, കാസ്റ്റിംഗ് ഡയരക്ടർ വിച്ചു, അഭിഭാഷകൻ ചന്ദ്രശേഖരൻ എന്നിവർക്കെതിരെ പ്രത്യേക അന്വേഷണ സംഘത്തിന് നടി മിനു മുനീർ പരാതി നൽകി. ഇ–മെയിലായിട്ടാണ് പരാതി നൽകിയത്. വ്യത്യസ്ത സമയങ്ങളിൽ തനിക്കു നേരെ ലൈംഗിക അതിക്രമമുണ്ടായെന്നാണ് പരാതിയിൽ പറയുന്നത്. 2008ൽ സെക്രട്ടറിയേറ്റിൽ നടന്ന ഷൂട്ടിംഗിനിടെയാണ് ജയസൂര്യയുടെ ഭാഗത്തുനിന്ന് മോശം പെരുമാറ്റമുണ്ടായതെന്ന് മിനു പറയുന്നു. അമ്മയിൽ അംഗത്വം ലഭിക്കുന്നതിന് ഒത്തുതീർപ്പുകൾക്ക് വഴങ്ങണമെന്ന് ഇടവേള ബാബു ആവശ്യപ്പെട്ടതായും പരാതിയിലുണ്ട്.
റെസ്റ്റ് റൂമിൽ പോയി വരുമ്പോൾ ജയസൂര്യ പിന്നിൽനിന്ന് കെട്ടിപ്പിടിച്ചെന്നും ഫ്ലാറ്റിലേക്ക് വരാൻ ക്ഷണിച്ചെന്നും മിനു ആരോപിച്ചിട്ടുണ്ട്. 2013ലാണ് ഇടവേള ബാബുവിൽനിന്ന് മോശം പെരുമാറ്റമുണ്ടായതെന്നാണ് മിനു പറയുന്നത്. അമ്മയിൽ അംഗത്വത്തിനായി ഇടവേള ബാബുവിനെ വിളിച്ചപ്പോൾ ഫോം പൂരിപ്പിക്കാൻ ഫ്ലാറ്റിലേക്ക് വരാൻ ആവശ്യപ്പെടുകയായിരുന്നു. ഫോം പൂരിപ്പിച്ചു കൊണ്ടിരുന്നപ്പോൾ ബാബു കഴുത്തിൽ ചുംബിച്ചെന്നു നടി പറയുന്നു. മിനുവിന് അമ്മയിൽ അംഗത്വം ലഭിച്ചില്ല.
നടന് മുകേഷ് ഫോണിൽ വിളിച്ചും നേരിൽ കണ്ടപ്പോഴും മോശമായി സംസാരിച്ചെന്നാണ് ആരോപണം. വില്ലയിലേക്ക് വരാൻ ക്ഷണിച്ചെന്നും അവർ പറയുന്നു. മണിയൻപിള്ള രാജുവുമൊത്ത് ഒരുമിച്ച് സഞ്ചരിച്ചപ്പോൾ മോശമായി സംസാരിച്ചെന്നും മുറിയുടെ വാതിലിൽ മുട്ടിയെന്നും മിനു ആരോപിക്കുന്നു.
