തിരുവനന്തപുരം : വാർത്താ സമ്മേളനത്തിനിടെ മാദ്ധ്യമ പ്രവർത്തകയോട് അശ്ലീല ചുവയോടെ സംസാരിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് നടൻ വിനായകൻ. സമൂഹമാദ്ധ്യമങ്ങളിലും അല്ലാതെയും രൂക്ഷമായ വിമർശനങ്ങൾ ഉയരുന്ന പശ്ചാത്തലത്തിലാണ് നടൻ ഖേദപ്രകടനവുമായി രംഗത്ത് വന്നിരിക്കുന്നത്. തന്റെ വാക്കുകൾ വിഷമിപ്പിച്ചെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്ന് വിനായകൻ ഫേസ്ബുക്കിൽ കുറിച്ചു.
വാർത്താ സമ്മേളനത്തിനിടെ നടത്തിയ പരാമർശം വ്യക്തിപരമായിരുന്നില്ലെന്ന് വിനായകൻ പറഞ്ഞു. ഒരുത്തി സിനിമയുടെ പ്രചരണാർത്ഥം നടന്ന പത്രസമ്മേളനത്തിനിടെ ചില സംസാരത്തിൽ ഉദ്ദേശിക്കാത്ത മാനത്തിൽ മാദ്ധ്യമ പ്രവർത്തകയായ ഒരു സഹോദരിക്ക് എന്റെ ഭാഷാപ്രയോഗത്തിന്മേൽ ( ഒട്ടും വ്യക്തിപരമായിരുന്നില്ല ). വിഷമം നേരിട്ടതിൽ ഞാൻ ക്ഷമ ചോദിക്കുന്നുവെന്നും വിനായകൻ പറഞ്ഞു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടന്ന വാർത്താ സമ്മേളനത്തിൽ മാദ്ധ്യമപ്രവർത്തകയോട് അശ്ലീല ചുവയോടെ സംസാരിച്ചത്. മീ ടു ആരോപണത്തെക്കുറിച്ചുള്ള ചോദ്യത്തോട് ആയിരുന്നു നടന്റെ പ്രതികരണം. താത്പര്യമുള്ള സ്ത്രീകളോട് ശാരീരിക ബന്ധത്തിൽ ഏർപ്പെടാമെന്ന് ആവശ്യപ്പെടുന്നതാണ് മി ടൂ എങ്കിൽ അത് ആവർത്തിക്കും. നിങ്ങളോടും അത് ചോദിക്കുമെന്നായിരുന്നു വിനായകൻ മാദ്ധ്യമ പ്രവർത്തകയെ കൈ ചൂണ്ടി പറഞ്ഞത്