കൊച്ചി: നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസന് വെന്റിലേറ്ററില്‍. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്നാണ് നടനെ അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതി തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്ന ശ്രീനിവാസന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്നും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതര്‍ പ്രതികരിച്ചു.
മാര്‍ച്ച് 30നാണ് നെഞ്ചുവേദനയെ തുടര്‍ന്ന് ശ്രീനിവാസനെ ആശുപത്രിയിലെത്തിച്ചത്. ആന്‍ജിയോഗ്രാം പരിശോധനയില്‍ നടന് ധമനികളിലെ രക്തമൊഴുക്കിന് തടസം നേരിടുന്നതായി കണ്ടെത്തി. ഇതേ തുടര്‍ന്ന് മാര്‍ച്ച് 31 വ്യാഴാഴ്ച്ച ബൈപാസ് സര്‍ജറിക്ക് വിധേയനാക്കി. ശസ്ത്രക്രിയക്ക് ശേഷം മൂന്ന് ദിവസം വെന്റിലേറ്ററിലായിരുന്നു.
വെന്റിലേറ്ററില്‍ നിന്ന് മാറ്റിയതിന് പിന്നാലെ ശ്രീനിവാസന് അണുബാധയുണ്ടാകുകയും വീണ്ടും വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനും പ്രമേഹത്തിനും ശ്രീനിവാസന് മുന്‍പ് പല തവണ ചികിത്സ തേടിയിട്ടുണ്ട്.