മുംബയ്: ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തിൽ മൂന്ന് ജീവനക്കാരെ ചോദ്യം ചെയ്യുന്നു. സംഭവസമയത്ത് വീട്ടിൽ ഉണ്ടായിരുന്ന മൂന്ന് ജീവനക്കാരെയാണ് ചോദ്യം ചെയ്യുന്നത്. ഇന്ന് പുലച്ചെയാണ് നടന് കുത്തേറ്റത്. ബാന്ദ്രയിലെ വീട്ടിൽ എത്തിയ അജ്ഞാതനാണ് സെയ്ഫ് അലി ഖാനെ പല തവണ കുത്തി പരിക്കേൽപ്പിച്ചത്.മോഷ്ടിക്കാനാണ് വീട്ടിൽ അതിക്രമിച്ച് കയറിയതെന്നാണ് വിവരം.
മോഷണശ്രമമാണോയെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്. പരിക്കേറ്റ നടനെ മുംബയിലെ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സെയ്ഫ് അലി ഖാന് ആറ് മുറിവുകൾ ഉള്ളതായി ആശുപത്രി അധികൃതർ അറിയിച്ചു. ഇതിൽ രണ്ടെണ്ണം ആഴമുള്ളതാണ്. ഒരു മുറിവ് നട്ടെല്ലിന് അടുത്താണെന്നും അധികൃതർ വ്യക്തമാക്കി. നടന്റെ വീട്ടിൽ ജോലി ചെയ്യുന്ന മറ്റ് ചിലരെയും പൊലീസ് ചോദ്യം ചെയ്യും. സംഭവത്തിൽ നടന്റെ ടീം പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്.’സെയ്ഫ് അലി ഖാന്റെ വസതിയിൽ മോഷണശ്രമം നടന്നു. നിലവിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായി നടൻ ആശുപത്രിയിൽ കഴിയുകയാണ്.
മാദ്ധ്യമങ്ങളും ആരാധകരും ക്ഷമയോടെയിരിക്കാൻ ഞങ്ങൾ അഭ്യർത്ഥിക്കുന്നു. പൊലീസാണ് കേസ് അന്വേഷിക്കുന്നത്. ബാക്കി കാര്യങ്ങൾ ഞങ്ങൾ അറിയിക്കാം’,- പ്രസ്താവനയിൽ പറയുന്നു. സെയ്ഫ് അലി ഖാന് പരിക്കേൽക്കുമ്പോൾ ഭാര്യയും നടിയുമായ കരീന കപൂർ വീട്ടിൽ ഇല്ലായിരുന്നുവെന്നാണ് വിവരം. മകനും ജീവനക്കാരനുമൊപ്പമാണ് നടൻ ആശുപത്രിയിലെത്തിയത്.