മനാമ: 2020 ഡിസംബർ 14 നും ഡിസംബർ 30 നും ഇടയിലുള്ള കാലയളവിനെ അപേക്ഷിച്ച് 2021 ജനുവരി 1 നും ജനുവരി 18 നും ഇടയിൽ രോഗവ്യാപനം 43% വർദ്ധിച്ചു. ഈ കാലയളവിൽ രജിസ്റ്റർ ചെയ്ത ആകെ കേസുകളിൽ 18 ശതമാനവും 17 വയസുവരെ പ്രായമുള്ള കുട്ടികളിലാണ്. ജനങ്ങൾ പ്രതിരോധ നടപടികൾ പലിക്കുന്നതിൽ വീഴ്ച വരുത്തിയതാണ് രോഗവ്യാപനനിരക്ക് ഉയരുന്നതിന് കാരണമെന്ന് ടാസ്ക് ഫോഴ്സ് ചൂണ്ടിക്കാട്ടി.
ജനങ്ങൾ എല്ലാ ആരോഗ്യ നടപടികളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി വാണിജ്യ, വ്യവസായ, ടൂറിസം മന്ത്രാലയങ്ങളുമായി ഏകോപ്പിച്ചുകൊണ്ട് ആരോഗ്യ മന്ത്രാലയം പരിശോധനകൾ തുടരുമെന്ന് ആരോഗ്യമന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. വലീദ് ഖലീഫ അൽ മനീയ വ്യക്തമാക്കി. ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ച് റെസ്റ്റോറന്റുകൾ, കഫേകൾ, ബ്യൂട്ടി സലൂണുകൾ, ബാർബർ ഷോപ്പുകൾ, ജിമ്മുകൾ എന്നിവയിൽ പരിശോധന തുടരും. വ്യാവസായിക – വാണിജ്യ സ്ഥാപനങ്ങളിൽ ലംഘനങ്ങൾ നടത്തുന്നവർക്കെതിരെ ഭരണപരവും നിയമപരവുമായ നടപടികൾ കൈക്കൊള്ളുകയും ചെയ്യും. എല്ലാ പ്രതിരോധ നടപടികളും പാലിക്കേണ്ടതിന്റെ പ്രാധാന്യം മന്ത്രാലയം ചൂണ്ടിക്കാട്ടി.