തിരുവനന്തപുരം: തിരുവനന്തപുരം മലയിൻകീഴിൽ ലൈംഗികമായി പീഡിപ്പിച്ചെന്ന വനിതാ ഡോക്ടറുടെ പരാതിയിൽ കേസെടുത്തതിനെ തുടർന്ന്
മലയിൻകീഴ് പൊലീസ് സ്റ്റേഷന് എസ്എച്ച്ഒ എ.വി.സൈജുവിനോടു ചുമതലയിൽനിന്നു മാറി നിൽക്കാൻ ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശം.
ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്കാണ് അന്വേഷണച്ചുമതല.
വിവാഹവാഗ്ദാനം നൽകി സൈജു പലതവണ ലൈംഗികമായി ചൂഷണം ചെയ്തെന്നും വധഭീഷണി മുഴക്കിയെന്നുമാണു പരാതി. റൂറൽ എസ്പിയുടെ ഓഫിസിലെ വനിതാ സെല്ലിൽ ഡോക്ടർ ശനിയാഴ്ച മൊഴി നൽകിയിരുന്നു. കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ തിരുവനന്തപുരം റൂറൽ ജില്ലാ കമ്മിറ്റി പ്രസിഡന്റാണ് എ.വി.സൈജു.
വിദേശത്തായിരുന്ന വനിതാ ഡോക്ടർ 2019ൽ നാട്ടിലെത്തിയ ശേഷം ഉടമസ്ഥതയിലുള്ള കടമുറി ഒഴിപ്പിക്കുന്നത് സംബന്ധിച്ച് മലയിൻകീഴ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. അന്ന് എസ്ഐയായിരുന്ന സൈജു പരാതി അന്വേഷിക്കുകയും കട ഒഴിപ്പിച്ചു നൽകുകയും ചെയ്തു. ഈ പരിചയം മുതലാക്കിയ സൈജു വിവാഹവാഗ്ദാനം നൽകി പല തവണ പീഡിപ്പിച്ചു. തുടർന്നു ഭർത്താവ് ബന്ധം ഉപേക്ഷിച്ചു. ഒറ്റയ്ക്കു കഴിയുന്ന തനിക്കു ജീവനു ഭീഷണിയുണ്ടെന്നതുൾപ്പെടെ കാണിച്ച് കഴിഞ്ഞ 8ന് റൂറൽ എസ്പിക്കു പരാതി നൽകി.
നടപടി വൈകിയതിനാൽ ഡിജിപിക്കും പരാതി നൽകി. എന്നാൽ പരാതി അടിസ്ഥാനരഹിതമാണെന്നാണു സൈജുവിന്റെ വിശദീകരണം.