
മനാമ: ബഹ്റൈനില്‍ ഗള്‍ഫ് ഏവിയേഷന്‍ അക്കാദമിയിലെ ട്രെയിനി ഫീസില്‍ വെട്ടിപ്പ് നടത്തിയ സീനിയര്‍ അക്കൗണ്ടന്റിന് കീഴ്ക്കോടതി വിധിച്ച ശിക്ഷ ഹൈ ക്രിമിനല്‍ അപ്പീല്‍ കോടതി ശരിവെച്ചു. അഞ്ചു വര്‍ഷം തടവും 41,777.759 ദിനാര്‍ പിഴയുമാണ് ശിക്ഷ. കൂടാതെ സ്ഥാപനത്തില്‍നിന്ന് തട്ടിയെടുത്ത തുക തിരിച്ചടയ്ക്കുകയും വേണം.
2021 ജനുവരി മുതല്‍ 2022 ഏപ്രില്‍ വരെയാണ് ഇയാള്‍ അക്കാദമിയില്‍ ജോലി ചെയ്തത്. ഇതിനിടയില്‍ ഇയാള്‍ അക്കാദമിയുടെ അക്കൗണ്ടില്‍നിന്ന് 45,121 ദിനാര്‍ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്നാണ് കേസ്. ട്രെയിനികള്‍ നല്കിയ ഫീസായിരുന്നു ഇത്.
പിന്നീട് ഇയാള്‍ ജോലി രാജിവെച്ചു. കുറച്ചുകാലം ഇത് ശ്രദ്ധിക്കപ്പെടാതെ പോയി. പിന്നീട് ജനറല്‍ ഡയരക്ടറേറ്റ് ഓഫ് ആന്റി കറപ്ഷന്‍ ആന്റ് ഇക്കണോമിക് ആന്റ് ഇലക്ട്രോണിക് സെക്യൂരിറ്റി വിഭാഗത്തില്‍ ലഭിച്ച ഒരു പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് വെട്ടിപ്പ് കണ്ടെത്തിയത്.
