
മനാമ: ബഹ്റൈനി യുവാക്കളെ ശാക്തീകരിക്കാന്‍ ഹമദ് രാജാവിന്റെ മാനുഷിക പ്രവര്‍ത്തനത്തിനും യുവജന കാര്യത്തിനുമുള്ള പ്രതിനിധിയും സുപ്രീം കൗണ്‍സില്‍ ഫോര്‍ യൂത്ത് ആന്റ് സ്പോര്‍ട്സ് (എസ്.സി.വൈ.എസ്) ചെയര്‍മാനുമായ ഷെയ്ഖ് നാസര്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെ നേതൃത്വത്തിലുള്ള അക്കാദമിക് എക്സലന്‍സ് അതോറിറ്റിയുടെ ഔദ്യോഗിക ഉദ്ഘാടനം നടന്നു.
ചടങ്ങില്‍ ഷെയ്ഖ് നാസര്‍ ബിന്‍ ഹമദ് അല്‍ ഖലീഫ, എസ്.സി.വൈ.എസ്. സെക്രട്ടറി ജനറല്‍ അയ്മെന്‍ ബിന്‍ തൗഫീഖ് അല്‍മോയദ്, യുവജനകാര്യ മന്ത്രി റാവാന്‍ ബിന്ത് നജീബ് തൗഫീഖിഎന്നിവരും അതോറിറ്റിയിലേക്ക് സ്വീകരിക്കപ്പെട്ട നൂറിലധികം മികച്ച വിദ്യാര്‍ത്ഥികളും ബിരുദധാരികളും പങ്കെടുത്തു.
ബഹ്റൈന്‍ യുവാക്കളെ അക്കാദമികമായും തൊഴില്‍പരമായും ശാക്തീകരിക്കുന്നതിലും ദേശീയ വികസനത്തിന് സംഭാവന നല്കാന് അവരെ സജ്ജമാക്കുന്നതിലും രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ ദര്‍ശനം അതോറിറ്റി പ്രതിഫലിപ്പിക്കുന്നുവെന്ന് ഷെയ്ഖ് നാസര്‍ ബിന്‍ ഹമദ് പറഞ്ഞു.
ഏകീകൃത അക്കാദമിക് സമൂഹമായി അതിന്റെ സാന്നിധ്യം സ്ഥാപിക്കാന്‍ സഹായിക്കുന്ന അതോറിറ്റിയുടെ വിഷ്വല്‍ ഐഡന്റിറ്റിയുടെ ഉദ്ഘാടനവും ഈ പരിപാടിയില്‍ നടന്നു. വിജ്ഞാന കൈമാറ്റം പ്രോത്സാഹിപ്പിക്കുക, ശാസ്ത്ര പ്രതിഭകള്‍ക്ക് പിന്തുണ നല്കുന്ന അന്തരീക്ഷം നല്‍കുക, പ്രാദേശിക- അന്തര്‍ദേശീയ അക്കാദമിക് മേഖലകളില്‍ ബഹ്റൈന്റെ സാന്നിധ്യം വര്‍ദ്ധിപ്പിക്കുക എന്നിവയാണ് അതോറിറ്റിയുടെലക്ഷ്യം.
