അബുദാബി: ലോകമെമ്പാടുമുള്ള ആളുകളെ അറബി ഭാഷ പഠിപ്പിക്കുന്നതിനായി പ്രത്യേക ഡിജിറ്റൽ പ്രോഗ്രാം ആരംഭിച്ച് അബുദാബി. ലോകമെമ്പാടുമുള്ള അറബി ഇതര ഭാഷ സംസാരിക്കുന്നവരെ കൂടുതൽ എളുപ്പത്തിലും കാര്യക്ഷമമായും ഭാഷ പഠിക്കാൻ സഹായിക്കുന്നതിന് ‘വി സ്പീക്ക് അറബിക്’ പ്രോഗ്രാം ആരംഭിച്ചതായി അബുദാബി സാംസ്കാരിക ടൂറിസം വകുപ്പിന്റെ ഭാഗമായ അബുദാബി അറബിക് ലാംഗ്വേജ് സെന്റർ അറിയിച്ചു.
എല്ലാ പ്രായത്തിലും ദേശീയതയിലും ഉള്ള പഠിതാക്കളെ ലക്ഷ്യമിട്ടാണ് പദ്ധതി ആരംഭിച്ചത്. അറിവിന്റെയും സംസ്കാരത്തിന്റെയും സർഗ്ഗാത്മകതയുടെയും ഭാഷയായി അറബിയെ ഉയർത്താനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നുണ്ട്. അറബി ഭാഷയെ പ്രോത്സാഹിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള നിരവധി പദ്ധതികളിൽ ഒന്നാണ് വീ സ്പീക്ക് അറബിക് പ്രോഗ്രാം.
വിവിധ പദ്ധതികളിലൂടെയും സംരംഭങ്ങളിലൂടെയും അറബിക് ഭാഷയെ പ്രാദേശികമായും അന്തർദ്ദേശീയമായും പ്രോത്സാഹിപ്പിക്കുക എന്നത് അബുദാബി അറബിക് ഭാഷാ കേന്ദ്രങ്ങളുടെ പ്രാഥമിക ലക്ഷ്യങ്ങളിലൊന്നാണ്.