തന്റെ പേരിലുള്ള ട്വിറ്റർ അക്കൗണ്ടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ അൽഫോൺസ് പുത്രൻ. വ്യാജ പ്രൊഫൈലിന്റെ ഉദ്ദേശ്യം എന്താണെന്ന് എനിക്കറിയില്ല. എന്നാൽ ഒരു ദിവസം ഇതിന് പിന്നിലെ ആളുകളെ കണ്ടെത്തുമെന്ന് താരം പറയുന്നു.
എന്റെ പേരിലുള്ള ട്വിറ്റർ അക്കൗണ്ട് വ്യാജമാണ്. ട്വിറ്ററിൽ ബന്ധപ്പെടാൻ ഞാൻ നിരവധി തവണ ശ്രമിച്ചിട്ടുണ്ട്. ഞാൻ അവർക്ക് എന്റെ തിരിച്ചറിയൽ കാർഡ് അയച്ചുകൊടുത്തു, അവർ ഒരു നടപടിയും സ്വീകരിച്ചില്ല. 2015-ന് മുമ്പ് എനിക്കൊരു ട്വിറ്റർ അക്കൗണ്ട് ഉണ്ടായിരുന്നു. സാധാരണയായി ഞാൻ ട്വിറ്റർ ഉപയോഗിക്കാത്തതിനാൽ ഇത് പരിശോധിക്കാറില്ല. എന്റെ സുഹൃത്തുക്കളാണ് ഈ വ്യാജ അക്കൗണ്ടിനെക്കുറിച്ച് എന്നോട് പറഞ്ഞത്. നിങ്ങൾ എന്റെ പേര് ഉപയോഗിക്കുകയും ആളുകളെ കബളിപ്പിക്കുകയും ചെയ്യുന്നു. ഞാൻ നിങ്ങളോട് ആവശ്യപ്പെട്ടിട്ടില്ല. നിങ്ങൾ ആരാണെന്നും നിങ്ങളുടെ ഉദ്ദേശം എന്താണെന്നും എനിക്കറിയില്ല. ഇത് നിങ്ങളുടെ മനസ്സിൽ കുറിച്ചോളു… ഒരു ദിവസം ഞാൻ നിങ്ങളെ കണ്ടുപിടിക്കും, അൽഫോൻസ് പുത്രൻ കുറിച്ചു.