
മനാമ: ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് നവീകരണ പദ്ധതിയിലെ സംയുക്ത നേട്ടത്തിനുള്ള അംഗീകാരമായി വിമാനത്താവള നടത്തിപ്പ് കമ്പനിയായ ബഹ്റൈന്‍ എയര്‍പോര്‍ട്ട് കമ്പനി(ബി.എ.സി)ക്കും അബുദാബി ഫണ്ട് ഫോര്‍ ഡെവലപ്മെന്റി(എ.ഡി.എഫ്.ഡി)നും അറബ് ലോകത്തെ മികച്ച വികസന പദ്ധതിക്കുള്ള 2024ലെ അബ്ദുലത്തീഫ് വൈ. അല്‍-ഹമദ് വികസന പുരസ്കാരം ലഭിച്ചു.
അറബ് ഫണ്ട് ഫോര്‍ ഇക്കണോമിക് ആന്റ് സോഷ്യല്‍ ഡെവലപ്മെന്റ് കുവൈത്തില്‍ നടത്തിയ അറബ് ധനകാര്യ സ്ഥാപനങ്ങളുടെ വാര്‍ഷിക സംയുക്ത യോഗത്തില്‍ എ.ഡി.എഫ്.ഡി. ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് സെയ്ഫ് അല്‍ സുവൈദിക്കും ബി.എ.സി. ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ മുഹമ്മദ് യൂസഫ് അല്‍ ബിന്ഫലാഹിനും അവാര്‍ഡ് സമ്മാനിച്ചു.
വിമാനത്താവള നവീകരണ പദ്ധതി സമയബന്ധിതമായും അനുവദിച്ച 1.1 ബില്യണ്‍ യു.എസ്. ഡോളര്‍ ബജറ്റിനുള്ളിലും പൂര്‍ത്തിയാക്കി. ഇത് പ്രാദേശിക അടിസ്ഥാനസൗകര്യ വികസനത്തില്‍ ഒരു നാഴികക്കല്ലാണ്.
2021ല്‍ നവീകരണം പ്രവര്‍ത്തനക്ഷമമായതുമുതല്‍ ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളം കൈവരിച്ച നേട്ടങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ അംഗീകാരമെന്ന് അല്‍ ബിന്‍ഫലാഹ് പറഞ്ഞു. രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ പിന്തുണയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്റെ തുടര്‍നടപടികളുമാണ് ഈ വിജയത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.
