
കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരായ രണ്ടാമത്തെ പരാതി ആസൂത്രിതമെന്ന കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ വാദം തള്ളി പ്രതിപക്ഷ നേതാവ് വിഡി സതീശന്. രാഹുലിനെതിരായ രണ്ടാമത്തെ പരാതി വെല്‍ ഡ്രാഫ്റ്റഡ് പരാതി തന്നെയാണ്. അത് അങ്ങനെ തന്നെയാണ് നല്‍കേണ്ടത്. അതില്‍ ഒരു തെറ്റുമില്ല. പരാതി രാഷ്ട്രീയ പ്രേരിതമാണെന്ന് കരുതുന്നില്ലെന്നു വിഡി സതീശന് പറഞ്ഞു.
കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയ എംഎല്‍എയ്ക്കെതിരെ പരാതി ലഭിച്ചപ്പോള്‍ അത് അപ്പോള്‍ തന്നെ പൊലീസിന് കൈമാറി. അത് അങ്ങനെ തന്നെയാണ് വേണ്ടത്. എന്നാല്‍ മുന്‍ ഇടതു എംഎല്‍എയായ ഒരു സംവിധായകനെതിരെ ഒരു സ്ത്രീ പരാതി നല്കിയപ്പോള് എന്തിനാണ് 12 ദിവസം ആ പരാതി പൂഴ്ത്തിവെച്ചതെന്ന് വിഡി സതീശന് ചോദിച്ചു. അതെന്താണ് ഇരട്ട നീതിയാണോ എന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു.
കോണ്‍ഗ്രസില്‍ മുഴുവന്‍ സ്ത്രീലമ്പടന്മാരാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാല്‍ ലൈംഗിക അപവാദക്കേസില്‍ പെട്ട എത്രപേര്‍ സ്വന്തം മന്ത്രിസഭയിലുണ്ടെന്ന് മുഖ്യമന്ത്രി എണ്ണിനോക്കിയാല്‍ നന്നായിരിക്കും. ഇടതുപക്ഷ എംഎല്‍എമാരുടെ കൂട്ടത്തിലും മുഖ്യമന്ത്രിയുടെ ഓഫീസിലും ലൈംഗിക അപവാദക്കേസിലുള്‍പ്പെട്ട എത്രപേരുണ്ടെന്നത് പരിശോധിക്കുന്നത് നന്നായിരിക്കും. എന്നിട്ടു വേണം കോണ്‍ഗ്രസിനു നേരെ ആരോപണം ഉന്നയിക്കാനെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി തന്നോട് ചോദിച്ച ചോദ്യങ്ങള്‍ക്ക് നല്കിയ മറുപടിക്ക് പിണറായി നല്കിയ പ്രതികരണം അത്ഭുതപ്പെടുത്തി. അത് അദ്ദേഹം എഴുതിയതല്ലെന്ന് വിശ്വസിക്കാനാണ് ഇഷ്ടപ്പെടുന്നത്. അത്രയും വലിയ നിലവാരത്തകര്‍ച്ചയാണത്. സ്വന്തം സൈബര്‍ കിളികളുടെ കയ്യടി കിട്ടാന്‍ വേണ്ടി കൊടുത്ത മറുപടിയാണ്. സമരങ്ങളോടുള്ള കമ്യൂണിസ്റ്റ് നേതാവിന്റെ പുച്ഛമാണ് ഏറെ അത്ഭുതപ്പെടുത്തിയത്. സമരം ചെയ്തതെല്ലാം നശീകരണമാണെന്നാണ് മുഖ്യമന്ത്രിയുടെ പുതിയ വാദം.
പഴയ കമ്യൂണിസ്റ്റില്‍ നിന്നും പുതിയ ബൂര്‍ഷ്വയിലേക്കുള്ള പിണറായിയുടെ മാറ്റമാണ് ഇതു കാണിക്കുന്നത്. മുഖ്യമന്ത്രി ഇപ്പോള്‍ തീവ്ര വലതുപക്ഷവും ബൂര്‍ഷ്വാ നിലപാടുകളുമാണ് എല്ലാ കാര്യത്തിലും എടുക്കുന്നത്. സമരം ചെയ്യുന്നവരോടുള്ള പുച്ഛം അതാണ് കാണിക്കുന്നത്. കെ റെയിലിനെതിരായ പ്രതിപക്ഷ സമരം പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ ചൂണ്ടിക്കാട്ടിയാണ്. കാലാവസ്ഥ വ്യതിയാനം ഇപ്പോള്‍ പ്രധാന ഘടകമാണ്. കെ റെയില്‍ ആയാലും, വയനാട് തുരങ്കപാത ആയാലും, തീരദേശപാത ആയാലും പാരിസ്ഥിതിക ആഘാത പഠനവും കാലാവസ്ഥ വ്യതിയാനവും അടക്കം പരിശോധിക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. വിഡി സതീശന് കൂട്ടിച്ചേര്‍ത്തു.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സംഗ പരാതിക്ക് പിന്നില്‍ ഒരു ലീഗല്‍ ബ്രെയിനുണ്ടെന്നും വെല്‍ ഡ്രാഫ്റ്റാണെന്നും അത് ആസൂത്രിതമാണെന്നുമായിരുന്നു സണ്ണി ജോസഫ് അഭിപ്രായപ്പെട്ടത്. പരാതി രാഷ്ട്രീയപ്രേരിതമാണെന്ന് വിലയിരുത്തേണ്ടിവരുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കിയിരുന്നു. ആ പരാതി എന്തിനാണ് തനിക്ക് കിട്ടുന്ന സമയത്ത് തന്നെ മാധ്യമങ്ങള്‍ക്ക് നല്‍കിയതെന്ന് അദ്ദേഹം ചോദിച്ചു. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടേയെന്നും സണ്ണി ജോസഫ് അഭിപ്രായപ്പെട്ടു.


