ഹൈദരാബാദ്: പിന്നാലെ ഓടിയ നായയിൽ നിന്ന് രക്ഷപ്പെടാൻ മൂന്നാം നിലയിൽ നിന്ന് ചാടിയ യുവാവ് മരിച്ചു. ഫുഡ് ഡെലിവറി കമ്പനിയായ സ്വിഗ്ഗിയിൽ ഡെലിവറി ഏജന്റായി ജോലി ചെയ്യുന്ന ഹൈദരാബാദ് യൂസുഫ്ഗുഡ സ്വദേശി മുഹമ്മദ് റിസ്വാന് (23) ചികിത്സയിലിരിക്കെ ശനിയാഴ്ച രാത്രിയാണ് മരിച്ചത്.
ഹൈദരാബാദിലെ ബഞ്ചറാഹില്സിലെ ഒരു അപ്പാർട്ട്മെന്റിന്റെ മൂന്നാം നിലയിൽ നിന്ന് ബുധനാഴ്ചയാണ് റിസ്വാൻ ചാടിയത്. അപ്പാർട്ട്മെന്റിലെ ഫ്ലാറ്റിൽ ഭക്ഷണം വിതരണം ചെയ്യാനെത്തിയതായിരുന്നു യുവാവ്. എന്നാൽ ഫ്ലാറ്റിന്റെ വാതിലിൽ മുട്ടിയ ശേഷം ഇവിടെയുണ്ടായിരുന്ന വളർത്തുനായ യുവാവിനെ ആക്രമിക്കാൻ ശ്രമിക്കുകയും പിന്നാലെ ഓടുകയും ചെയ്തു. നായയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് റിസ്വാൻ മൂന്നാം നിലയിൽ നിന്ന് ചാടിയത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവാവിനെ പിന്നീട് നിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതേസമയം, നായയുടെ ഉടമയ്ക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. ബഞ്ചറാഹില്സിലെ ‘ലുംബിനി റോക്ക് കാസിൽ’ അപ്പാർട്ട്മെന്റിൽ താമസിക്കുന്ന ശോഭനയ്ക്കെതിരെ ഐപിസിയുടെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്. ഇവർക്കെതിരെ റിസ്വാന്റെ കുടുംബം നേരത്തെ പരാതി നൽകിയിരുന്നു.